ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി ഝാര്‍ഖണ്ഡ് മുന്‍മന്ത്രി കെ.എന്‍. ത്രിപാഠി സമര്‍പ്പിച്ച പത്രിക തള്ളി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതായി നേതൃത്വം അറിയിച്ചത്. അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എം.പി എന്നിവരുടെ പേരുകളാണുള്ളത്.
ഖാര്‍ഗെ 8 സെറ്റ് പത്രികകളും തരൂര്‍ അഞ്ചും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. ത്രിപാഠിയുടെ പത്രികകളില്‍ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്ന ഒരാളിന്റെ ഒപ്പില്‍ വ്യത്യാസമുണ്ടെന്നും മറ്റൊരാള്‍ ഒപ്പ് ആവര്‍ത്തിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് അതോറിറ്റി തലവന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി വൈകി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഖാര്‍ഗെയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖാര്‍ഗെ രാജിവച്ചിരുന്നു. ഖാര്‍ഗെയുടെ പത്രികകളിലൊന്നില്‍ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് എ.കെ.ആന്റണിയാണ്.
സ്ഥാനാര്‍ഥിയാകുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം പിന്മാറി. ഈ മാസം 8 വരെ പത്രിക പിന്‍വലിക്കാം. 17 നു പി.സി.സി ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ആകെ ഒന്‍പതിനായിരത്തിലധികം വോട്ടര്‍മാരാണുള്ളത്. 19 ന് എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണല്‍. അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കും.