KeralaNEWS

ഹര്‍ത്താല്‍ അക്രമം: കണ്ണൂരില്‍ മൂന്ന് പേര്‍കൂടി പിടിയില്‍

കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. ഉളിയില്‍ ബൈക്ക് യാത്രക്കാരനെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഉളി സ്വദേശിയായ പി.എഫ്.ഐ പ്രവര്‍ത്തകന്‍ സഫ്വാന്‍ ആണ് അറസ്റ്റിലായത്.

ഹര്‍ത്താലിനിടെ നടുവനാട് പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ നടുവനാട് സ്വദേശികളായ സത്താര്‍, സജീര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Signature-ad

കണ്ണൂര്‍ സിറ്റിയില്‍ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 26 കേസുകളിലായി 70 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കണ്ണൂര്‍ റൂറലില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളില്‍ 26 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ അഞ്ചിലേറെ സ്ഥലങ്ങളില്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ചുള്ള അക്രമങ്ങളുണ്ടായി എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പി.എഫ്.ഐ നേതാവായ മുഹമ്മദ് ഷാന്റെ വീട്ടിലാണ് റെയ്ഡ്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമക്കേസിലെ പ്രതിയാണ് മുഹമ്മദ് ഷാന്‍. കഴിഞ്ഞദിവസങ്ങളിലെല്ലാം പ്രദേശത്ത് പോലീസിന്റെ രഹസ്യനിരീക്ഷണമുണ്ടായിരുന്നു.

ഇടുക്കി ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലടക്കം വന്നിരുന്നു. മലപ്പുറം എടവണ്ണൂരിലും അരീക്കോട്ടും പി.എഫ്.ഐ നിരോധനത്തിനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി കേസെടുത്തു.

 

 

Back to top button
error: