കായംകുളം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ദമ്പതികളെ ഏഴംഗ സംഘം മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അക്രമത്തിന് തൊട്ടു മുന്‍പ് അക്രമി സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി കായംകുളം കൊറ്റുകുളങ്ങരയിലായിരുന്നു ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്ന് എരുവ സ്വദേശികളായ രതീഷും ഭാര്യ രേഷ്മയും പരാതിയില്‍ പറഞ്ഞു. രേഷ്മയുടെ ജന്മദിനം ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു ദമ്പതികള്‍. ഇതിനിടയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ തട്ടി. ഇത് ചോദ്യം ചെയ്തതോടെ കാറില്‍ ഉണ്ടായിരുന്നവര്‍ രതീഷിനെയും രേഷ്മയെയും മര്‍ദിക്കുകയായിരുന്നു. സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് ബോധപൂര്‍വം ഇടിപ്പിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു.
അക്രമത്തില്‍ രേഷ്മയുടെ സഹോദരന് വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്ത് അപ്പു എന്നിവര്‍ക്കും പരുക്കേറ്റു. ആളുകൂടിയതോടെ പ്രതികള്‍ സ്ഥലത്ത് നിന്നും മുങ്ങി. അപകടത്തിന് മുന്‍പ് പ്രതികള്‍ കാറില്‍ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കായംകുളം പോലീസ് അറിയിച്ചു.