മലയാള സിനിമയിൽ ഇന്ന് കാരവാൻ ഉപയോഗിക്കാത്ത താരങ്ങൾ കുറവാണ്. സൂപ്പർതാരങ്ങൾക്കെല്ലാം കാരവാൻ സ്വന്തമായുണ്ട്. ഹോട്ടൽ മുറിയുടെ ആഡംബര സൗകര്യങ്ങളെല്ലാമുള്ള പുതിയ കാരവനെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വാർത്ത. സൂപ്പർസ്റ്റാർ മോഹൻലാലാണ് ആ കാരവാനിന്റെ ഉടമ. അദ്ദേഹത്തിന്റെ ഇഷ്ട നമ്പറായ 2255 എന്ന് റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
എറണാകുളം ആര്.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില് വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന് ഒരുക്കിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. കിടപ്പുമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്സ്മിഷന്.