മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. രണ്ടു വര്‍ഷത്തിനുശേഷമാണ് രാഷ്ട്രപതി പുരസ്‌കാര വിതരണം നടത്തുന്നത്.
ആശാഖ് പരേഖ് ഇന്‍ഡ്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. ഇന്‍ഡ്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1952ല്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ബേബി ആശ പരേഖ് എന്ന പേരില്‍ ആസ്മാന്‍ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു.
1959 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൂപര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്. 1959ല്‍ നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖൊ ദേഖൊ എന്ന ചിത്രത്തില്‍ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചത് വന്‍ ഹിറ്റായി. ഗുജറാത് സ്വദേശിനിയായ ആശ, നിരവധി ഗുജറാതി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചആശാ പരേഖ് 1998 മുതല്‍ 2001 വരെ ഇന്‍ഡ്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയായിരുന്നു.