Breaking NewsNEWS

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും നേതാക്കളേയും കസ്റ്റഡിയിലെടുത്തു. അസം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്.

കഴിഞ്ഞ റെയ്ഡിനെത്തുടര്‍ന്ന് ഉയര്‍ന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് രണ്ടാംഘട്ട റെയ്ഡ് നടത്തിയത്. എന്‍.ഐ.എയ്‌ക്കൊപ്പം സംസ്ഥാന പോലീസും റെയ്ഡിന്റെ ഭാഗമായി. കൂടുതല്‍ പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Signature-ad

കര്‍ണാടകയില്‍ നിന്നുമാത്രം 45 പേരെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ നിരവധി തെളിവുകള്‍ റെയ്ഡില്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഡല്‍ഹി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു. ഇതിനുള്ളില്‍ പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍.ഐ.എയുടെ നീക്കം. ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള ചോദ്യംചെയ്യല്‍.

 

 

Back to top button
error: