ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ നടി ഭാവനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയ നടി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.
അതേസമയം സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ‘ആദം ജോൺ’ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.
മലയാളികളുടെ പ്രിയ താരമായ ഭാവന സ്വന്തം വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധനേടാറുമുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള ചര്‍ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാവന.
എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുതെന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോഴും, താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.
ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ:
“എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോഴും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്കറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല…”
ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബൈയില്‍ എത്തിയ ഭാവന വെള്ള ടോപിനൊപ്പം ശരീരത്തിന്റെ നിറമുള്ള സ്ലിപ് അണിഞ്ഞാണ് ചടങ്ങിനെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ ടോപിനടിയില്‍ വസ്ത്രമില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് അധിഷേപ കമന്റുകളുമായി രംഗത്തെത്തിയത്.
സ്കിൻ കളറുള്ള വസ്ത്രം ധരിച്ചതാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും സൈബർ ആക്രമണങ്ങളും ഉടലെടുക്കാൻ കാരണം. സംഭവത്തിൽ ഭാവനയെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തി.
കാണുന്ന ആളുകളുടെ മനസ്സിലാണ് യഥാർഥ പ്രശ്നമെന്നും ഇത്തരം വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഭാവനയെ പിന്തുണയ്ക്കുന്നവർ പറയുന്നു.