ഓൺലൈൻ മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞ കേസിൽ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം അനുവദിച്ചു. ‘ചട്ടമ്പി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. തുടര്ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ കേസെടുത്തത്. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി അശ്ലീല ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.
നടൻ ശ്രീനാഥ് ഭാസിക്കെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്നും തെളിവുകളെല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതുപോലെ നാളെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. ആരോടും എന്തും പറയാമെന്ന അവസ്ഥയുണ്ടാകരുതെന്നും പ്രതികരിച്ചാൽ മാത്രമേ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നും മാധ്യമപ്രവർത്തക പറയുന്നു.
ക്യാമറ ഓഫ് ചെയ്യാൻ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ചീത്തപറയുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ മറ്റുപല ചാനലുകളിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാവരും കേട്ടിട്ടുണ്ട്. തന്നെക്കാൾ താഴ്ന്ന അവതാരകരോട് അദ്ദേഹം എങ്ങനെയാണെന്ന് പെരുമാറുന്നതെന്ന് സ്വാഭാവികമായി ഊഹിക്കാവുന്നതേയുള്ളു. വിയോജിപ്പുണ്ടെങ്കിൽ കാര്യങ്ങൾ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണം. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പുപറഞ്ഞാൽ അവിടെ തന്നെ പ്രശ്നം തീർക്കാമായിരുന്നു. കരഞ്ഞു കാണിച്ചാൽ ചെയ്ത തെറ്റ് ഒരിക്കലും ശരിയാകില്ലെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
അഭിമുഖത്തിനായി വന്ന ഉടൻ ശ്രീനാഥ് ഭാസി ചോദിച്ചത് “താൻ ആ ധ്യാൻ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനൽ ആല്ലേ’ എന്നാണ്. ‘ഞങ്ങൾ ധ്യാൻ ശ്രീനിവാസനെ അല്ല, ധ്യാൻ ഞങ്ങളെ രക്ഷപ്പെടുത്തിയത്’ എന്ന് മറുപടി പറഞ്ഞു. ‘മച്ചാൻ പൊളിയാണ്’ എന്നൊക്കെ ചിരിച്ചുകളിച്ചു പറഞ്ഞു കൊണ്ടാണ് അഭിമുഖം തുടങ്ങിയത്. വളരെ കംഫർട്ടബിൾ ആയിരുന്ന ഒരാൾ അഞ്ചര മിനിറ്റ് കഴിഞ്ഞ് പെട്ടെന്ന് ഇങ്ങനെ പ്രതികരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അൺകംഫർട്ടബിൾ ആണെന്ന് പറഞ്ഞപ്പോൾ ശ്രീനാഥ് ഭാസിക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങൾ കേൾക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചു. നിങ്ങൾ ഇവിടിരുന്ന് ആദ്യം ചോദ്യങ്ങൾ ഉണ്ടാക്ക് എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോവുകയാണെന്ന് അറിയിച്ചു. ബഹുമാനം കാണിക്കെന്ന് പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാനും പറഞ്ഞു. ക്യാമറ ഓഫ് ചെയ്തെന്ന് ഉറപ്പാക്കിയശേഷമാണ് തെറി വിളിച്ചത്. എന്ത് പ്രകോപനം ഉണ്ടായിട്ടാണ് തെറി വിളിച്ചതെന്ന് അറിയില്ല. ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ അതുമാറ്റാൻ തയ്യാറായിരുന്നു.
ഈ പരിപാടിയുടെ രീതി ഇതാണെന്ന് അദ്ദേഹത്തിനും അറിയാവുന്നതാണ്. അല്ലെങ്കിൽ ധ്യാൻ ശ്രീനിവാസന്റെ കാര്യം പറയില്ലല്ലോ. ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണ് അങ്ങനെ ചെയ്തെന്നാണ് മനസിലാകാത്തത്. മൂന്ന് വർഷമായി ഈ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇന്നുവരെ ഒരാർട്ടിസ്റ്റും മോശമായി പെരുമാറിയിട്ടില്ല. 2013 മുതൽ 2019 വരെ ദൂർദർശനിൽ മാധ്യമപ്രവർത്തകയായിരുന്നു. ന്യൂസ് ചാനലിന് വേണ്ട രീതികളല്ല യൂട്യൂബിൽ വേണ്ടത്. അത്തരം കണ്ടന്റുകളല്ല ആളുകൾ യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് മാത്രമാണ് മറ്റൊരു തരത്തിൽ കണ്ടന്റുകളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്റെ രീതി ചെറിയൊരു വിഭാഗം ഇഷ്ടപ്പെടുന്നത് എന്റെ ചോദ്യങ്ങളുടെ രീതി ഇഷ്ടപ്പെടുന്നതുകൊണ്ടുമാകും. ഒരു 30 ശതമാനം ആളുകൾ പറഞ്ഞത് എന്റെ ചോദ്യങ്ങൾക്ക് നിലവാരമില്ലെന്നതാണ്. പക്ഷേ ബാക്കിയുള്ള 70 ശതമാനം പേരും എനിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. ഒരാളുടെയും കിടപ്പറ രഹസ്യങ്ങളിലേക്കൊന്നുമല്ല ചോദ്യങ്ങൾ ചോദിച്ചത്. ആരേയും വേദനിപ്പിക്കാത്ത ചില ചോദ്യങ്ങളാണ് ചോദിച്ചത്.
ശ്രീനാഥ് മാപ്പുപറയണമെന്നാണ് സംഭവം നടന്ന അന്ന് ആവശ്യപ്പെട്ടത്. അന്നു രാത്രി തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ ഓഫീസിലെത്തി മാപ്പുപറഞ്ഞപ്പോൾ നിങ്ങളാരും എന്നോട്ട് ഒരുതെറ്റും ചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടെന്നുമാണ് അവരോട് പറഞ്ഞത്. മോശമായി പെരുമാറിയ ആൾ മാപ്പുപറയണെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. അടുത്ത ദിവസം സിനിമയുടെ പി.ആർ.ഒയെ വിളിച്ചുചോദിച്ചപ്പോൾ അവതാരകയുടെ പെരുമാറ്റം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും മാപ്പു പറയില്ലെന്നും ശ്രീനാഥ് ഭാസി അറിയിച്ചതായി പറഞ്ഞു. അതിന്റെ ഫോൺകോൾ റെക്കോർഡും കൈയിലുണ്ട്. ഇതിനുപിന്നാലെ സിനിമാ പ്രവർത്തകരുടെ വാർത്താ സമ്മേളനത്തിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നടനാണെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോടുപോകാൻ തീരുമാനിച്ചത്.
പരാതി നൽകാനെത്തിയപ്പോൾ പോലീസുകാരോട് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആ വാക്കുകളൊന്നും പറയാനോ വായിക്കാനോ കാണാനോ വയ്യായിരുന്നു. ഇതോടെ പേപ്പറിൽ എഴുതി നൽകിയാൽ മതിയെന്ന് പോലീസുകാർ പറഞ്ഞു. നിയമ നടപടിക്ക് ഇതെല്ലാം ആവശ്യമായതുകൊണ്ടാണ് ഇതെല്ലാം ചെയ്തത്”
അവതാരക പറഞ്ഞവസാനിപ്പിച്ചു.