NEWS

നെടുമ്ബാശേരി വിമാനത്താവളത്തില്‍  ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി :നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സിയാലിന്റെ 28-ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘2021-22 സാമ്ബത്തികവര്‍ഷത്തില്‍ ലാഭം നേടുന്ന അപൂര്‍വം വിമാനത്താവളങ്ങളില്‍ ഒന്നായി കൊച്ചി മാറിയിട്ടുണ്ട്.സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനി 418.69 കോടി രൂപ മൊത്തവരുമാനം നേടിയിട്ടുണ്ട്. 217.34 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം.കോവിഡാനന്തര കാലഘട്ടത്തില്‍ മികച്ച തിരിച്ചുവരവ് കമ്ബനി കാഴ്ചവച്ചു. കോവിഡ് പൂര്‍വകാലത്തെ ട്രാഫിക്കിന്റെ 80 ശതമാനത്തോളം തിരികെ പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച ഉണ്ടായിട്ടുണ്ട്’-പിണറായി വിജയൻ പറഞ്ഞു.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ തന്നെ മൂന്നാം സ്ഥാനം നേടാന്‍ കൊച്ചിക്ക് കഴിഞ്ഞു. വിമാനത്താവളത്തെയും പരിസര പ്രദേശങ്ങളേയും വെള്ളപ്പൊക്കത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ പ്രവാഹ് പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: