അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയവും ജീവിതവുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അതിനിടെ ബാലയും ഗോപി സുന്ദറും തമ്മിലുള്ള ഒരു അഭിമുഖവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാലയുടെ യുട്യൂബ് ചാനലില്‍ രണ്ടു വര്‍ഷം മുന്‍പ് അപ്‍ലോഡ് ചെയ്ത അഭിമുഖമാണ് ശ്രദ്ധനേടുന്നത്. 2020 ഒക്ടോബര്‍ 13 നാണ് ‘ആക്ടര്‍ ബാല’ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആ സമയത്ത് യൂട്യൂബില്‍ സജീവമായിരുന്ന ബാല നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള അഭിമുഖങ്ങളും ചാനലില്‍ കൊടുത്തിട്ടുണ്ട്.
ആത്മാർത്ഥ സുഹൃത്തുക്കളെ പോലെയാണ് ഇരുവരും സംസാരിക്കുന്നത്. തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം രണ്ടു പേരും സംസാരിക്കുന്നു. ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ച് ബാല സംസാരിക്കുമ്പോള്‍ ബാല എന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. അഭിമുഖത്തിനിടെ രണ്ടുപേരും പരസ്‌പരം പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്മയുമായി ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഷൂട്ടു ചെയ്തതാണ് അഭിമുഖം. അഭിമുഖത്തില്‍ ഒരിടത്ത് ബാല ബാച്ചിലറാണോ എന്ന് ഗോപി സുന്ദറിനോട് ചോദിക്കുന്നുണ്ട്. വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്നാണ് ഗോപി സുന്ദര്‍ നല്‍കുന്ന മറുപടി. കൈ തണ്ടയില്‍ അഭയയുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്നതും ഗോപി കാണിച്ചു കൊടുക്കുന്നുണ്ട്.
മനസ്സില്‍ അത്ര നല്ല പ്രണയം സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ഒരുക്കാന്‍ കഴിയൂ എന്നാണ് അപ്പോള്‍ ബാല പറയുന്നത്. പ്രണയിക്കാന്‍ പെണ്ണിന്റെ ആവശ്യമില്ല. ജീവിതത്തോടാണ് പ്രണയം വേണ്ടത് അപ്പോഴാണ് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ തോന്നുക. ഈ ഇഷ്ടങ്ങള്‍ക്ക് കൂടെ നില്‍ക്കാന്‍ പങ്കാളിക്ക് പറ്റിയില്ലെങ്കില്‍ ജീവിതം ശരിയാകില്ലെന്ന് ഗോപി സുന്ദറും പറയുന്നുണ്ട്.
പ്രണയിക്കുന്നവര്‍ ആയാലും ജീവിക്കാന്‍ ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നമ്മള്‍ നമ്മുടെ ജീവിതത്തോട് നീതി പുലര്‍ത്തണം. കഴിയുന്നത്ര ജീവിതം ആഘോഷമാക്കുക എന്നതാണ് തന്റെ പോളിസി എന്നും ഗോപി സുന്ദര്‍ ബാലയോട് പറയുന്നു. അതേസമയം, തനിക്ക് ഇപ്പോള്‍ പ്രണയമൊന്നുമില്ലന്നും നിങ്ങളുടെ പാട്ട് കേട്ട് പ്രണയം വരുമോ എന്ന് നോക്കുകയാണെന്നും ബാല പറയുന്നു.