കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി എയര്‍ കണ്ടീഷന്‍ സംവിധാനമൊരുക്കി ശ്രദ്ധേയമായ അങ്കണവാടിയില്‍ ഇനിമുതൽ വൈഫൈ കണക്ഷനും.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്ബ് എണ്‍പത്തിയൊന്നാം നമ്ബര്‍ അങ്കണവാടിയിലാണ് ബിഎസ്എന്‍എലിന്റെയും പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്ററുടെയും സഹകരണത്തോടെ വൈഫൈ സംവിധാനം ഒരുക്കിയത്. വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്താകെ വര്‍ണ കൂട്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
അങ്കണവാടി കുട്ടികള്‍ക്കും അങ്കണവാടി പരിധിയിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും വൈഫൈ കണക്ഷന്റെ പ്രയോജനം ലഭിക്കും.
ഓണ്‍ലൈന്‍ പഠനത്തിനും ഇവിടെ സൗകര്യമൊരുക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും വൈഫൈ സൗകര്യം ഉപയോഗിക്കാം. സ്മാര്‍ട്ട് ടിവി അടക്കം വിപുലമായ സൗകര്യങ്ങളും അങ്കണവാടിയില്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത നിര്‍വഹിച്ചു.
2015 സെപ്റ്റംബര്‍ 18നാണ് സംസ്ഥാനത്തെ ആദ്യത്തെ എസി അങ്കണവാടി ആയി നെല്ലിക്കാപറമ്ബ് മാറിയത്. അങ്കണവാടിയില്‍ വിപുലമായ ലൈബ്രറിയും ഉണ്ട്.