അരക്കോടി രൂപ വിലവരുന്ന മാരക മയക്കുമരുന്നായ എല്‍.എസ്.ഡിയുമായി രണ്ട് യുവാക്കളെ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ബിഫാം വിദ്യാര്‍ഥിയായ രാഹുല്‍ (22), ബിടെക് വിദ്യാര്‍ഥിയായ ദീപക് (22) എന്നിവരെയാണ് പിടികൂടിയത്. കൊറിയറിലാണ് മാരക ലഹരിമരുന്ന് എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊറിയര്‍ സര്‍വീസ് വഴി ലഹരി കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് കൊറിയര്‍ വാങ്ങി ബൈക്കിൽ പോകാനൊരുങ്ങുമ്പോഴാണ് രാഹുലും ദീപകും സ്ക്വാഡിന്റെ പിടിയിലായത്. പിടികൂടിയ 730 എല്‍.എസ്.ഡി സ്റ്റാംപുകള്‍ക്ക് അരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാർഥികളെയും ചെറുകിട കച്ചവടക്കാരെയും കേന്ദ്രീകരിച്ചുള്ള വിൽപനക്ക് എത്തിച്ചതാണ് ലഹരിയെന്ന് കണ്ടെത്തൽ.
നോട്ടുപുസ്തകത്തിനുള്ളില്‍ വച്ച നിലയില്‍ തമിഴ്നാട്ടില്‍നിന്നാണ് കൊറിയര്‍ എത്തിയത്. കവറിന് പുറത്തെ അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണ്‍ നമ്പറില്‍ വിളിച്ചതനുസരിച്ചാണ് ഇരുവരും കൊറിയര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ മറ്റൊരാള്‍ ആവശ്യപ്പെട്ട പ്രകാരമാണ് പാഴ്സല്‍ സ്വീകരിക്കാനെത്തിയതെന്ന് യുവാക്കള്‍ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെക്കുറിച്ചും സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.