തിരുവല്ല :റെയിൽവേ പൊലീസിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ കസ്റ്റഡിയിൽ.
ആലപ്പുഴ സ്വദേശി അജി, തിരുവല്ല സ്വദേശികളായ ശ്രീജിത്ത്, ജിബിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തനാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യലഹരിയിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിലുണ്ടായ യാത്രക്കാരെ അസഭ്യം പറയുകയും ഇത് ചോദ്യംചെയ്ത സ്റ്റേഷൻ മാസ്റ്ററെ ആക്രമിക്കാൻ മുതിരുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്ത റാവുവിനെ ഇവർ കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു.
സുഹൃത്തിനെ യാത്ര അയയ്ക്കാൻ എത്തിയതായിരുന്നു ഇവർ.തുടർന്ന് തിരുവല്ല പൊലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു.സിഐ പി.ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അക്രമി സംഘത്തെ ഓടിച്ചിട്ട് പിടിച്ചത്.
ആലപ്പുഴ ചമ്പക്കുളം മയ്യൻകുഴി അജി (32), തിരുവല്ല മഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽ താഴെ ശ്രീജിത്ത് ( ലിജിൻ–32) എന്നിവരാണ് പൊലീസ് കസ്റ്റഡിലുള്ളത്.തുടർ നടപടികൾക്കായി ഇവരെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറുമെന്നു തിരുവല്ല സിഐ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന ഒരു ഓട്ടോറിക്ഷയുടെ ചില്ല് ഈ സംഘം തകർത്തതായും പരാതി ഉണ്ട്.