സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാര്‍ വന്നതിന് ശേഷം വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെയും നേതാക്കന്മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുക എന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്രഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്.
ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാനത്തുനിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഒ.എം.എ സലാമിനെയും സി.പി മുഹമ്മദ് ബഷീറിനെയും നസറൂദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ കസ്റ്റഡിയിലായി. എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് പുലര്‍ച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചത്. തീവ്രവാദത്തിന് പണം നല്‍കുക, പരിശീലനക്യാമ്പ് സംഘടിപ്പിക്കുക, തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുക എന്നിവയില്‍ പങ്കെടുത്തവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തി. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തു.
തെലുങ്കാനയിലെ പോപുലർ ഫ്രണ്ട് ആസ്ഥാനം എൻ.ഐ.എ സീൽ ചെയ്തു. പരിശോധന വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേർന്നിരിക്കുകയാണ്.