ഡെറാഡൂണ്‍: ഇന്ത്യയില്‍ ആദ്യമായി വലിയ തോതില്‍ മയക്കുമരുന്ന് ചെടി കൃഷി ചെയ്യാനുള്ള അനുമതി നല്‍കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്.
വ്യാവസായിക, ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന, കുറഞ്ഞ ലഹരി ശേഷിയുള്ള സാറ്റിവ എന്ന കഞ്ചാവ് (കന്നാബിസ് സാറ്റിവ) ചെടി കൃഷിചെയ്യാനുള്ള അനുമതിയാണ് സംസ്ഥാനം നല്‍കുന്നത്.
രാജ്യാന്തര നിയമങ്ങളും സംസ്ഥാന മാനദണ്ഡങ്ങളും അനുവദിക്കുന്ന പരിധിയായ 0.3 ശതമാനം ടെട്രാഹൈഡ്രോകന്നബിനോള്‍ അടങ്ങുന്ന ഹെംപ് ആറുമാസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് രൂപപ്പെടുത്തിയെടുത്തതെന്ന് ഉത്തരാഖണ്ഡ് ബാഗേശ്വര്‍ ജില്ലാ മജിസ്ട്രേറ്റ് റീന ജോഷി പറഞ്ഞു.
അര ഏക്കറില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ നാല് കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബാഗേശ്വര്‍ ജില്ലാ ഭരണകൂടം ഇതിന് ആവശ്യമായ ധനസഹായം നല്‍കി. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കൃഷിചെയ്യലില്‍ വളര്‍ന്നുവന്ന ചെടികളില്‍ 0.3 ശതമാനം ടെട്രാഹൈഡ്രോകന്നബിനോള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അനുമതി നല്‍കിയതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഉറക്കമില്ലായ്മ, എക്സിമ, തലവേദന, ന്യൂറോളജിക്കല്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഇത് ഉപയോഗിക്കാറുണ്ട്. ഇതില്‍ നിന്നുള്ള മരുന്നുകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.