CrimeNEWS

യുഎഇയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴ് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

ദുബൈ: യുഎഇയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴ് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം ദുബൈ അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. ബിസിനസുകാരനെ വിട്ടയക്കാന്‍ 30,000 ദിര്‍ഹം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ബിസിനസുകാരനെ ദുബൈ സിലിക്കണ്‍ ഒയാസിസിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് പിടിച്ചുകൊണ്ടുപോയി അവിടെ പൂട്ടിയിടുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഇയാളുടെ ഒരു സുഹൃത്തിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ട് പണം ചോദിച്ചു. 30,000 ദിര്‍ഹം നല്‍കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. പണം കൊണ്ട് വരേണ്ട ലൊക്കേഷന്‍ ചോദിച്ച് മനസിലാക്കിയ സുഹൃത്ത്, ലൊക്കേഷന്‍ ഉള്‍പ്പെടെ ഈ വിവരങ്ങളെല്ലാം പൊലീസിനെ അറിയിച്ചു.

Signature-ad

ദുബൈ പൊലീസിലെ ക്രിമിനല്‍ അന്വേഷണ സംഘം ഉടന്‍ തന്നെ കുറ്റവാളികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം തൊട്ടടുത്ത ദിവസം പൊലീസ് സംഘം അപ്പാര്‍ട്ട്മെന്റില്‍ കയറി സംഘാംഗങ്ങളെ അറസ്റ്റ് ചെയ്‍തു. പ്രതികളിലൊരാള്‍ നേരത്തെ ബിസിനസുകാരന്റെ ഒരു സ്ഥാപനത്തിലെ പാര്‍ട്ണറായിരുന്നു. ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസ സ്ഥലത്തു നിന്ന് പോകുന്നതും വരുന്നതും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ പദ്ധതി. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും.

Back to top button
error: