തിരുവനന്തപുരം: പോലീസ് ജീപ്പ് നിര്‍ത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷന്‍ അംഗം വെള്ളനാട് ശശിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി വൈകി കോട്ടവിളയിലെ കുളത്തില്‍ നിന്ന് കണ്ടെത്തി. പിന്നീട് വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തി. ഞായര്‍ വൈകിട്ട് അഞ്ചോടെയാണു സംഭവങ്ങളുടെ തുടക്കം.
കോട്ടവിളയിലെ പുരയിടത്തില്‍ നില്‍ക്കുന്നതിനിടെ ആണ് സമീപത്തെ റോഡില്‍ പോലീസ് ജീപ്പ് നില്‍ക്കുന്നത് കണ്ടതെന്ന് ശശി പറഞ്ഞു. രണ്ട് വാറന്‍ഡ് ഉള്ളതിനാല്‍ തന്നെ പിടികൂടാന്‍ ആണ് പോലീസ് വരുന്നത് എന്ന് കരുതി സമീപത്തെ കാടുപിടിച്ച വസ്തുവിലേക്ക് ഓടി. പിന്നീട് സമീപത്തെ ഒരു വീട്ടില്‍ എത്തി. തിരികെ വരുന്നതിനിടെ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായി ബോധരഹിതനായി കാടുപിടിച്ച പുരയിടത്തില്‍ വീണതായി ശശി പറഞ്ഞു.
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബോധം വീണ ശേഷം സമീപത്തെ ആറ്റില്‍ പോയി വസ്ത്രം കഴുകി തിരികെ നടക്കുന്നതിനിടെ ആണ് കാല്‍വഴുതി കുളത്തില്‍ വീണതെന്ന് ശശി പറഞ്ഞു. ഇതിനിടെ ശശിയെ കാണാനില്ല എന്ന വിവരം അറിയിച്ചതോടെ ആര്യനാട് പോലീസും പ്രദേശവാസികള്‍ക്ക് ഒപ്പം അന്വേഷണം നടത്തി. കുളത്തില്‍ക്കിടന്ന് വിളിക്കുന്നത് കേട്ട് രാത്രി 9 ഓടെ കണ്ടെത്തിയ ശശിയെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തി. അതേസമയം, പ്രദേശത്ത് പട്രോളിങ് നടത്തിയതാണെന്നും ശശിയെ പിടികൂടാന്‍ എത്തിയതല്ലെന്നും ആര്യനാട് പോലീസ് അറിയിച്ചു.