കണ്ണൂര്‍: ജില്ലയിലെ കുറുമാത്തൂരില്‍ വന്‍ ചന്ദനവേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 390 കിലോയോളം ചന്ദനം പിടിച്ചെടുത്തത്. ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ വനം വകുപ്പിന്റെ പിടിയിലായി. കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം റോഡിലെ പറമ്പില്‍ സൂക്ഷിച്ച 390 കിലോയോളം ചന്ദനമാണ് വനം വകുപ്പ് പിടികൂടിയത്.
ചന്ദനത്തടികള്‍ ചെത്തി വില്പനയ്ക്ക് ഒരുക്കുകയായിരുന്ന മൂവര്‍ സംഘത്തിലെ രണ്ടു പേര് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. സംഘാംഗം കുറുമാത്തൂര്‍ സ്വദേശി എം.മധുസൂദനന് ആണ് പിടിയിലായത്. 6.900 കിലോഗ്രാം ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളും ഉള്‍പ്പെടെയാണ് 390 കിലോഗ്രാം ചന്ദനം പിടികൂടിയത്.