തമിഴ് സൂപ്പർ താരം വിജയ് ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത തള്ളി പിതാവ് എസ് എ ചന്ദ്രശേഖർ .ജനം ആവശ്യപ്പെടുമ്പോൾ വിജയ് പാർട്ടി രൂപീകരിക്കുമെന്നും ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി .വിജയ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആണ് വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത് .
തമിഴ് യുവനടന്മാരിൽ ഏറ്റവും ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് വിജയ് .സിനിമകളിലൂടെ രാഷ്ട്രീയ താല്പര്യം പ്രകടിപ്പിക്കുകയെന്ന തമിഴ് പാരമ്പര്യം വിജയിലൂടെയും പരീക്ഷിക്കപ്പെട്ടു .മെർസൽ ,സർക്കാർ തുടങ്ങിയ സിനിമകൾ വിജയുടെ രാഷ്ട്രീയ പ്രവേശത്തെ സൂചിപ്പിച്ചു .മെർസലിനെതിരെ ബിജെപിയും സർക്കാരിനെതിരെ അണ്ണാ ഡിഎംകെയും രംഗത്ത് വന്നെങ്കിലും വിജയ്ക്ക് ആരാധകരുടെ പിന്തുണ ധാരാളമായി ലഭിച്ചു .
സ്റ്റാർലെറ്റ് വിരുദ്ധ സമരത്തിൽ വെടിവെപ്പ് ഉണ്ടായപ്പോൾ ഇരകളെ നേരിട്ട് വിജയ് സന്ദർശിച്ചത് വലിയ ചലനങ്ങൾ തമിഴ്നാട്ടിൽ ഉണ്ടാക്കിയിരുന്നു .വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന സിനിമകളിൽ മാത്രമല്ല അച്ഛൻ ചന്ദ്രശേഖറിന്റെ വാക്കുകളിലും പൊതു ചടങ്ങുകളിൽ വിജയുടെ പ്രസംഗങ്ങളിലുമൊക്കെ തെളിഞ്ഞു നിന്നിരുന്നു .
പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിനിടെ താരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു .വിജയുടെ വീട്ടിൽ ഉദ്യോഗസ്ഥർ റെയ്ഡും നടത്തി .ഇത് ബിജെപിയുടെ രാഷ്ട്രീയ വിരോധമാണ് എന്ന് ആരാധകർ ആരോപിക്കുകയും ചെയ്തിരുന്നു .