പോഷകഗുണങ്ങൾ ധാരാളമുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാൽസ്യവും ജീവകങ്ങളും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഭക്ഷണമാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതവും വിളർച്ച പോലുള്ള അസുഖങ്ങളും തടയാൻ സാധിക്കും. എന്നാൽ മുട്ടയ്ക്ക് ധാരാളം പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മുട്ടയെക്കുറിച്ച് പല തെറ്റിദ്ധാരണങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വർധിക്കും എന്നത്.
പലരും കരുതുന്നതുപോലെ ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ ചീത്ത കൊളസ്ട്രോൾ വർധിക്കില്ല. എന്ന് മാത്രമല്ല അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. മുട്ടയിൽ കൊളസ്ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ കഴിക്കുന്നത് വഴി കൊളസ്ട്രോൾ വർധിക്കില്ല.
രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വഴി കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാനും സഹായിക്കുന്നു.
പ്രമേഹ രോഗമുള്ളവർ മുട്ട കഴിക്കാമോയെന്ന് പലരും സംശയിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണം. ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന മുട്ട മുടി വളർച്ചയ്ക്കും ഉത്തമമാണ്. ഇങ്ങനെ എണ്ണിയാൽ അവസാനിക്കില്ല മുട്ടയിലെ ഗുണങ്ങൾ.
എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും ഗുണനിലവാരമില്ലാത്ത മുട്ടകൾ ധാരാളമായി ലഭിക്കാറുണ്ട്, വൃക്ക, കരൾ, തൈറോയിഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശം ചില സ്ഥലങ്ങളിൽ നിന്നും വരുന്ന മുട്ടയിൽ കണ്ടെത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. അതിനാൽ ഗുണനിലവാരമുള്ള മുട്ടകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക