ദോഹ:ഖത്തർ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്.ഇതുവരെയുള്ള കണക്ക് പ്രകാരമാണിത്.
രണ്ട് ഘട്ടങ്ങളിലായി ഇതുവരെ വിറ്റുപോയ 18 ലക്ഷം ടിക്കറ്റുകളില്‍ 23500 ടിക്കറ്റുകളാണ് ഇന്ത്യയില്‍ നിന്നുള്ളവർ വാങ്ങിയത്.
ഇതോടെ റഷ്യന്‍ ലോകകപ്പിലെ പങ്കാളിത്തത്തിന്‍റെ റെക്കോര്‍ഡ് ഇന്ത്യന്‍ കാണികള്‍ ഖത്തറില്‍ മറികടക്കും എന്നുറപ്പായി. 2018ല്‍ റഷ്യയില്‍ ഇന്ത്യയില്‍ നിന്ന് 18000ത്തോളം ആരാധകരാണ് ഫുട്ബോള്‍ മാമാങ്കം കാണാനെത്തിയത്.
ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക.എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങൾ ഉണ്ടാകും.
ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.