അമല പോള്‍ അവതാരിക ആവശ്യമില്ലാത്ത ചലച്ചിത്ര താരമാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി. പതിനേഴാം വയസില്‍ സിനിമയിലെത്തിയ താരം, പതിമൂന്ന് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തതിന് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി ധീരമായ തീരുമാനം എടുത്ത് സിനിമയോട് വിട പറഞ്ഞ് തനിക്കായി സമയം കണ്ടെത്തിയ താരം ഇതിനിടെ ലഭിച്ച വലിയൊരു ഓഫറിനോട് നോ പറഞ്ഞിരുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകാന്‍ ലഭിച്ച അവസരം നിരസിച്ചതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് അമല.
‘പൊന്നിയിന്‍ സെല്‍വ’നില് അഭിനയിക്കുന്നതിന്റെ ഭാഗമായി സംവിധായകന് മണിരത്നം സംഘടിപ്പിച്ച ഓഡീഷനില്‍ പങ്കെടുത്തതായി അമല പോള്‍ വെളിപ്പെടുത്തി. താന്‍ വളരെ ആവേശത്തിലായിരുന്നു. മണി സാറിന്റെ ഒരു വലിയ ആരാധികകൂടിയാണ് താന്‍. എന്നാല്‍ ആ സമയത്ത് സിനിമ സംഭവിച്ചില്ല. വല്ലാത്ത നിരാശയും സങ്കടവും തോന്നി. പിന്നീട് 2021ല്‍ അതേ പ്രൊജക്റ്റിനായി അദ്ദേഹം വിളിച്ചു. എന്നാല്‍ സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല താനപ്പോൾ. ഇക്കാരണം കൊണ്ടു തന്നെ ആ ഓഫർ നിരസിക്കേണ്ടി വന്നു. എന്നാല്‍ തനിക്കതില്‍ ദുഃഖമില്ല. കാരണം ചില തീരുമാനങ്ങള്‍ മികച്ചതായിരിക്കും. നമ്മള് അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം, അമല പോള്‍ പറയുന്നു.
താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് 2021ലാണ്. പിതാവിന്റെ വിയോഗവും മാനസിക സമ്മര്‍ദ്ദവുമെല്ലാം തളര്‍ത്തിയതായി താരം തുറന്നു പറഞ്ഞു. വിശ്രമം വേണ്ടത് അനിവാര്യമാണെന്ന് തോന്നി. ജീവിതത്തില്‍ സന്തോഷവതിയല്ല എന്ന് ബോധ്യപ്പെട്ടു. കൊവിഡ് ലോക്ക്ഡൗണും മറ്റും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ഇക്കാരണങ്ങള്‍ കൊണ്ടാണ് വലിയ ഓഫറുകളോട് പോലും നോ പറഞ്ഞ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അമല പറഞ്ഞു. മലയാളം സിനിമ, ‘ടീച്ചറിലൂടെ’ തിരിച്ചെത്തിയ താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. വലിയൊരു നിര്‍മാണ സംരംഭത്തിലൂടെ പ്രസ്തുത സിനിമയില്‍ പ്രമുഖനായ നടനോടൊപ്പം അരങ്ങേറ്റം കുറിക്കുകയാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്.