ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ചരക്ക് നീക്കത്തിന്റെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും പരിഹരിക്കുന്നതിന് സഹായകമാകുന്ന സുപ്രധാന ചുവടുവയ്പാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന്റെ താൽക്കാലിക അനുമതിയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്.
പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗത മേഖലയുടെ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. യൂറോപ്പിലെയും യു.എസിലെയും വിമാന നിർമാതാക്കളിൽ പലരും ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഊർജക്ഷമതയുള്ള വിമാനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇന്ധനം എന്നിവയിലേക്ക് വ്യോമയാന മേഖല മാറുകയാണ്.