നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഏത് ജോലിയും നന്നായി ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യധികം പ്രധാനമാണ്. ഗോതമ്പ് റൊട്ടിയും ചപ്പാത്തിയും സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ഇത് പ്രമേഹം പോലുള്ള ജീവിതചൈര്യ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നതും മറ്റൊരു സവിശേഷതയാണ്. എന്നാല്‍, ഇവയ്ക്ക് പുറമെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്ന നിരവധി ധാന്യങ്ങളുണ്ട്. ഗോതമ്പ് മാവ് പോലെ റാഗി മാവ് കൊണ്ടുള്ള റൊട്ടി കഴിക്കുന്നതും ശരീരത്തിന് പലവിധത്തില്‍ പ്രയോജനപ്പെടും. എല്ലുകള്‍ക്ക് ഇവ വളരെയധികം ആരോഗ്യകരമാണ്.
റാഗി റൊട്ടിയുടെ ഗുണങ്ങള്‍
തിനയിലും റാഗിയിലും ഉണ്ടാക്കുന്ന റൊട്ടിയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ കാണപ്പെടുന്നു. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. റൊട്ടി കഴിക്കുന്നതിലൂടെ എല്ലുകള്‍ക്ക് ബലം ലഭിക്കും.
റാഗി കാല്‍സ്യത്തിന്റെ കലവറയാണ്. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് എല്ലുകള്‍ക്ക് ശക്തി നല്കുന്നു. അതിനാല്‍ തന്നെ കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും റാഗി റൊട്ടി കഴിക്കുന്നതിലൂടെ പ്രയോജനമുണ്ടാകും. പതിവായി റാഗി കഴിച്ചാല്‍ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്താമെന്നത് മാത്രമല്ല ഏത് പ്രായക്കാരിലും പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
കുട്ടികള്‍ക്ക് മാത്രമല്ല, പ്രായമേറിയവര്‍ക്കും ഉത്തമം
സാധാരണ റാഗി കൊണ്ടുള്ള ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്കാണ് നല്‍കാറുള്ളത്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഇത് ശീലമാക്കാവുന്നതാണ്. പ്രായമായവര്‍ റാഗി റൊട്ടി പതിവായി കഴിക്കണമെന്ന് പറയുന്നു. കാരണം ഇത് സന്ധി വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കും. ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും റാഗി റൊട്ടി സഹായിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ റാഗി പേശികള്‍ക്ക് ഗുണം ചെയ്യും.
ശരീരം തടി വയ്ക്കുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനാകുമെന്നതിനാല്‍ ഇനി മുതല്‍ പ്രാതലിലും രാത്രി ഭക്ഷണത്തിലുമെല്ലാം മുതിര്‍ന്നവരും റാഗി ഉള്‍പ്പെടുത്തണം. ഇതിന് പുറമെ സൗന്ദര്യസംരക്ഷണത്തിനും കേശവളര്‍ച്ചയ്ക്കുമെല്ലാം റാഗി വളരെ നല്ലതാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. റാഗിയിലുള്ള അമിനോ ആസിഡുകള്‍, ഫൈബര്‍ എന്നിവ ഡയറ്റിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
കൊളസ്ട്രോളിനും പ്രമേഹത്തിനും പ്രതിവിധി
മലയാളത്തില്‍ കൂവരക് എന്ന് അറിയപ്പെടുന്ന റാഗി കൊളസ്ട്രോള്‍, ഷുഗര്‍ എന്നിവയുടെ അളവും നിയന്ത്രിക്കുന്നു. ശരീരത്തിലെ രക്തത്തിന്റെ അഭാവം ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍, റാഗി കുറുക്കിയോ റാഗി ദോശ തയ്യാറാക്കിയോ കഴിക്കുന്നത് ശീലമാക്കാം.
വിളര്‍ച്ച തടയാന്‍ റാഗി റൊട്ടി
ദഹനത്തിനും അത്യധികം ഗുണകരമായ ഈ ചെറുധാന്യത്തില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വിളര്‍ച്ച തടയാന്‍ ഉത്തമമാണ്. മുളപ്പിച്ച റാഗിയില്‍ ജീവകം സിയുടെ സാന്നിധ്യമുള്ളതിനാല്‍ ഇരുമ്പിന്റെ ആഗിരണത്തെ ഇവ സഹായിക്കുന്നു.