ന്യൂഡല്‍ഹി/മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 4 അക്കൗണ്ടുകളില്‍ നിന്നായി ഓണ്‍ലൈനായി 70 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു നൈജീരിയക്കാരെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മൊബൈല്‍ ബാങ്കിങ് സംവിധാനം ഉപയോഗിക്കാത്ത ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നാണു തട്ടിപ്പു നടത്തിയത്. ഇതിനായി സെര്‍വര്‍ ഹാക്ക് ചെയ്ത് അവരുടെ ദിനംപ്രതി ഇടപാട് പരിധി ഉയര്‍ത്തിയും വ്യാജ സിം കാര്‍ഡിലേക്കു ഒടിപി നമ്പര്‍ വരുന്ന വിധം സെറ്റ് ചെയ്തുമായിരുന്നു തട്ടിപ്പ്.
ബാങ്ക് മാനേജര്‍, ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. നൈജീരിയന്‍ പൗരന്‍മാരായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയും ഇക്കെന്ന കോസ്‌മോസ് എന്ന യുവാവുമാണ് പിടിയിലായത്. പോലീസിനു നല്‍കിയ പരാതിക്കൊപ്പം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ മൊബൈല്‍ നമ്പറുകളും കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്.
19 ബാങ്കുകളിലേക്കായാണ് പ്രതികള്‍ പണം മാറ്റിയത്. ബിഹാര്‍, മിസോറം, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വ്യാജ മേല്‍വിലാസങ്ങള്‍ നല്‍കിയാണ് ഇതിനായി അക്കൗണ്ടുകള്‍ തുടങ്ങിയത്. എ.ടി.എം. വഴി ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണു പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണത്തിന്റെ നല്ലൊരു പങ്ക് നൈജീരിയയിലേക്കു മാറ്റിക്കഴിഞ്ഞു.
തട്ടിപ്പിനു സഹായിച്ച ഇടനിലക്കാര്‍ക്കു കമ്മിഷനായി പണം കൈമാറിയതായും സംഘം ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു ഡേറ്റ കൈക്കലാക്കിയതില്‍ ഇവ കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനികള്‍ക്ക് പങ്കുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു. 15 ദിവസമായി ഡല്‍ഹിയില്‍ തങ്ങി നടത്തിയ അന്വേഷണത്തിലാണു സൈബര്‍ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.