കോട്ടയം: സ്ഥിരം കുറ്റവാളികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി കോട്ടയം പൊലീസ്. സ്ഥിരം കുറ്റവാളികളായ ഏഴു പേരെയാണ് ഒറ്റ ദിവസം കൊണ്ട് ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചത്. ഒപ്പം കാപ്പാ നിയമം ചുമത്തി ഒരാളെ ജില്ലയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മീനച്ചില്‍ സ്വദേശി ഇരുട്ട് ജോമോന്‍, കടപ്ലാമറ്റം സ്വദേശി രാജു,രാമപുരം സ്വദേശികളായ അഖില്‍ തോമസ്, അസിന്‍ ജെ അഗസ്തിന്‍,കൊല്ലപ്പളളി സ്വദേശി ദീപ് ജോണ്‍,അതിരമ്പുഴ സ്വദേശി ആല്‍ബിന്‍ കെ ബോബന്‍,ഐമനം സ്വദേശി ലോജി എന്നിവരെയാണ് ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇരുട്ടു ജോമോനെതിരെ വധശ്രമം ഉള്‍പ്പെടെ എട്ടു കേസുകളുണ്ട്. രാജു വധശ്രമം ഉള്‍പ്പെടെ ഏഴു കേസുകളിലെ പ്രതിയാണ്.മറ്റ് പ്രതികള്‍ക്കെതിരെയും മോഷണവും പിടിച്ചു പറിയും വീട് കയറി ആക്രമണവും ഉള്‍പ്പെടെയുളള കേസുകള്‍ നിലനില്‍ക്കുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് ഉത്തരവിട്ടത്. നാഗമ്പടം സ്വദേശി വര്‍ണന്‍ എന്ന വര്‍ണ സുതനെയാണ് കാപ്പ നിയമം ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയത്. മുപ്പത് വയസുകാരനായ വര്‍ണസുതന്‍ കഞ്ചാവ് വില്‍പന മുതല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വരെ പതിവാക്കിയ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്ന് പുറത്താക്കി കൊണ്ടുളള ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചത്.