ജീവിതതിരക്കിനിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. വ്യായാമത്തെ കുറിച്ചോ പോഷക സമൃദ്ധമായ ഭക്ഷണത്തെ കുറിച്ചോ ചിന്തിക്കാറുമില്ല. മാത്രവുമല്ല എപ്പോഴും ഭക്ഷണം ഉണ്ടാക്കാൻ സമയം ലഭിച്ചെന്നും വരില്ല. അപ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണമെടുത്ത് എളുപ്പത്തിൽചൂടാക്കി കഴിക്കാറാണ് പതിവ്. എന്നാൽ, ഇങ്ങനെ ചൂടാക്കി കഴിക്കുന്നത് സുരക്ഷിതമാണോ…?
നോക്കാം, നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ചിലത് വീണ്ടും ചൂടാക്കിയതിനുശേഷം ഭക്ഷ്യയോഗ്യമായിരിക്കില്ല. കാരണം അവയുടെ പോഷക മൂല്യം നഷ്ടമായിട്ടുണ്ടാകും. മാത്രവുമല്ല ചിലത് ചൂടാക്കുമ്പോൾ വിഷലിപ്തമാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ ഏതൊക്കെ എന്നറിയുക.
ചീര അല്ലെങ്കിൽ പച്ച ഇലക്കറികൾ, കാരറ്റ്, സെലറി എന്നിവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. നൈട്രേറ്റ് സമ്പന്നമായ പച്ചക്കറികൾ വീണ്ടും ചൂടാക്കുമ്പോൾ വിഷലിപ്തമാവും. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, അതിനാൽ ചീര പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കുന്നത് അതിലെ ഇരുമ്പിനെ ഓക്സിഡൈസ് ചെയ്യും. ഇരുമ്പിന്റെ ഓക്സീകരണം അപകടകരമായ ഫ്രീ റാഡിക്കലുകളെ സൃഷ്ടിക്കുന്നു. ഇത് വന്ധ്യത, കാൻസർ എന്നിവയുൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്നു.
അവിശ്വസിനീയമെന്നു തോന്നാമെങ്കിലും ചോറും വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടമാണെന്ന് പഠനങ്ങൾ പറയുന്നു. ഫുഡ്സ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) റിപ്പോർട്ട് അനുസരിച്ച്, വീണ്ടും ചൂടാക്കിയ ചോറ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഭക്ഷ്യവിഷബാധയുണ്ടാകാം. ബാസിലസ് സെറിയസ് എന്നറിയപ്പെടുന്ന ഉയർന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ചൂട് ഈ ബാക്ടീരിയകളെ കൊല്ലുന്നു, മാത്രമല്ല ഇതിന് വിഷാംശം ഉത്പാദിപ്പിക്കാനും കഴിയും.
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ താപനിലയിൽ കുറെ നാൾ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകാം. ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനിൽ അമിതമായ പ്രോട്ടീന്റെ സാന്നിധ്യം ഉണ്ട്. ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.
മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.