അരീക്കോട്: അശ്വിനും മന്യയും എട്ട് വർഷമായി ഗാഡ പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസുകളോടെ ഇരുവരുടെയും വിവാഹനിശ്ചയവും നടത്തി. ഓണം കഴിഞ്ഞ് വിവാഹ തീയതിയും തീരുമാനിച്ചിരുന്നു. പക്ഷേ വിവാഹത്തിനു കാത്തു നിൽക്കാതെ കീഴുപറമ്പ് തൃക്കളയൂർ സ്വദേശിയായ യുവതി ജീവനൊടുക്കി. വിദഗ്ധ അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരൻ തൃക്കളയൂർ സ്വദേശി അശ്വിനെ (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂണിലാണ് മന്യയെ (22) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയും അശ്വിനും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. ഒടുവിൽ ഇരുവരുടെയും ബന്ധുക്കൾ കൂടിയാലോചിച്ച് വിവാഹനിശ്ചയവും നടത്തി. പക്ഷേ ഇതിനിടയിൽ അശ്വിൻ വിവാഹത്തിൽ നിന്നു പിന്മാറിയത്രേ. എന്തായാലും ഒടുവിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ച് മന്യ ജീവനൊടുക്കി.
പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് അശ്വിൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ഗൾഫിലായിലായിരുന്ന അശ്വിൻ നാട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് എസ്.ഐ അമ്മദ്, ജയസുധ, അനില, സജീർ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.