ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണ് സുന്ദരപാണ്ഡ്യപുരം.തമി ഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം.. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..!
തെങ്കാശി ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ കൂടിയുണ്ട് സുന്ദരപാണ്ഡ്യപുരത്തേക്ക്.. വികസനം എന്ന നീരാളിക്കൈയ്യുടെ പിടുത്തത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്നതു കൊണ്ടാവണം ഈ ഗ്രാമത്തിന്റെ പഴമയും സംസ്കാരവും ഇന്നും അതുപോലെ നിലനിൽക്കുന്നു.
ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, വട്ടം കറങ്ങുന്ന കാറ്റാടികൾ, സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ,പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും കനകാംബരപ്പൂവും തലയിൽ ചൂടി ദാവണി ചുറ്റി കടന്നു പോകുന്ന മധുരപ്പതിനേഴുകാരികളായ തമിഴ്പെൺകൊടികൾ… അങ്ങനെ എത്രയോ തമിഴ് സിനിമകളിൽ നമ്മൾ കണ്ട വശ്യസുന്ദരമായ പല മനോഹര കാഴ്ചകളും സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ നമുക്ക് കാണാൻ സാധിക്കും.
പോകുന്ന വഴിക്ക് റോഡരികിൽ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം.. പുലിയൂർപാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്.. ഇന്ന് ഇത് അന്ന്യൻ പാറ എന്നറിയപ്പെടുന്നു.. ഷങ്കറിന്റെ അന്ന്യൻ എന്ന സിനിമയിലെ രണ്ടക്ക..രണ്ടക്ക.. എന്ന പാട്ടുസീനിൽ വിക്രമും, സദയും, പിന്നെ നൂറു കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും ചേർന്ന് ആടിപ്പാടിയത് ഈ പാറപ്പുറത്തായിരുന്നു.
പുലിയൂർ പിന്നിട്ടാൽ സുന്ദരപാണ്ഡ്യപുരത്ത് എത്താം.അവിടെ കാണുന്ന ഒരു കോവിലിൽ നിന്ന് രണ്ടായി പിരിയുന്ന തെരുവിൽ ശാന്തവും പ്രൗഢവുമായ ഒരു അഗ്രഹാരം പഴമയുടെ അടയാളങ്ങളും പേറി നിൽക്കുന്നു.. പ്രാചീനമായ കൽത്തൂണുകളിൽ തങ്ങിനിൽക്കുന്ന മേൽക്കൂരകളും ചിത്രശിൽപ്പപണികളുമുള്ള ഇരുനിലമാളികകളും അവിടെ നിരന്നുനിൽക്കുന്നു.ഓരോ വീട്ടിന്റെ കൽത്തിണ്ണകളിലും മനോഹരമായ കോലങ്ങൾ എഴുതിയിട്ടുണ്ട്.
കഴിഞ്ഞു പോയ പഴയ ഏതോ ഒരു കാലത്തേക്ക് ഒരു നിമിഷത്തെ തിരിച്ചു പോക്കെന്നോണം ആ കാഴ്ചകൾ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.അവിടുന്ന് അൽപദൂരം മുന്നോട്ടു പോകുമ്പോൾ കൽമണ്ഡപത്തോടു കൂടിയ ഒരു വലിയ കുളവും അതിന്റെ പശ്ചാത്തലത്തിൽ ആയിരം ഏക്കറിലേറെ വരുന്ന നെൽപ്പാടങ്ങളും, മുളകുപാടവും അതിനപ്പുറം ചുവപ്പും മഞ്ഞയും ചേലകൾ ചുറ്റി അണിഞ്ഞൊരുങ്ങി നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ നയനമനോഹരമായ ദൃശ്യം.
കണ്ണെത്താത്ത ദൂരത്തോളം പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ആഗസ്റ്റ് മാസത്തിലാണ് സൂര്യകാന്തി വിളവെടുപ്പ്.
സൂര്യകാന്തിപ്പാടങ്ങൾ തേടിയുള്ള സഞ്ചാരികളുടെ ഒഴുക്കിന് ഇപ്പോഴും യാതൊരു കുറവുമില്ല.ഈ ഗ്രാമത്തിലേക്ക് വരുന്ന ഏതൊരാളെയും ആ നാട്ടുകാർ അതിഥികളെപ്പോലെ സ്വീകരിക്കും.ഇവിടെ അടുത്തുതന്നെയാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്.
മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അതിനോട് ചേർന്നുള്ള അരുവികളുമാണ് കുറ്റാലത്തിന്റെ പ്രത്യേകത.ഏകദേശം ഒൻപത് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളം ഉയരത്തിൽ പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ഉത്ഭവിക്കുന്നത്.കാട്ടിൽ നിന്നും വരുന്നതിനാൽ ഇവിടുത്തെ വെള്ളത്തിന് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്.അതുകൊണ്ടുതന്നെ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തുന്നു.തെക്കിന്‍റെ ആരോഗ്യ സ്നാനഘട്ടം എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ.