NEWS

ഓണത്തിന്, ഒരിന്ത്യാ യാത്ര!

ന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ആയ ‘ഉല’ കേരളത്തിലും വരികയാണ്. റെയിൽവേയുടെ ലൈനും കോച്ചും ജീവനക്കാരെയും ഉപയോഗിച്ച്‌ സ്വകാര്യ ഏജൻസി നടത്തുന്ന ഭാരത്‌ ഗൗരവ്‌ ട്രെയിൻ പദ്ധതിക്കുകീഴിലാണ്‌ ഈ സര്‍വീസ് വരുന്നത്.
ഉല ട്രെയിനിന്‍റെ കേരളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഓണം യാത്രയോടു കൂടിയാണ് ആരംഭിക്കുക. പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ മൈസൂർ , ഹംപി , ഹൈദരാബാദ് , ഔറംഗാബാദ്, അജന്ത എല്ലോറ ഗുഹകൾ , സ്റ്റാച്യു ഓഫ് യൂണിറ്റി , ഗോവ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിന് മധുരയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ചെ 6 മണിക്ക് തിരുവന്തപുരത്തു എത്തും. അവിടെ നിന്നും 6.15ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എറണാകുളത്ത് 10.25നും ഷൊര്‍ണൂര്‍ ഉച്ചയ്ക്ക് 1.00 മണിക്കും കോഴിക്കോട് 3.15നും കാസര്‍കോഡ് വൈകിട്ട് 7.15നും ട്രെയിന്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.സെപ്റ്റംബര്‍ 12 -ാം തിയതി രാത്രി 8.30ന് ട്രെയിന്‍ തിരികെ തിരുവനന്തപുരത്തെത്തും.
സെപ്റ്റംബര്‍ 11-ാം തിയതി രാവിലെ മംഗലാപുരത്ത് 4.00 മണി, കാസര്‍കോഡ് 6.00, കണ്ണൂര്‍ 8.10, കോഴിക്കോട് 10.15, ഷൊര്‍ണൂര്‍ ജംങ്ഷന്‍ 12.20,തൃശൂര്‍ 1.25, എറണാകുളം 3.25, കോട്ടയം 5.25, കൊല്ലം 7.00, തിരുവനന്തപുരം 8.30, മധുര ജംങ്ഷന്‍ 11.45 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്ന സമയം.
കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിനിന്ന ഒട്ടേറെ പ്രത്യേകതകളും മികച്ച സൗകര്യങ്ങളും അവകാശപ്പെടുവാനുണ്ട്.നാല് 3AC കോച്ചുകള്‍, ആറ് 2SL കോച്ചുകള്‍ എന്നിവ ഇതിനുണ്ട്. ഫ്ലെയിം ലെസ് പാന്‍ട്രി കാറുകളാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. രാജ്യത്ത് തന്നെ ആദ്യമായാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത് . കോച്ച് മാനേജര്‍മാര്‍, കോച്ച് ഗാര്‍ഡുകള്‍, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉള്‍പ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനുണ്ട്.
യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന കോച്ച്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ സൗകര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്.കംഫര്‍ട്ട് കാറ്റഗറി, സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറി, ബജറ്റ് കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കുവാനുള്ളത്.

Back to top button
error: