KeralaNEWS

സര്‍ക്കാര്‍ കൈകടത്തരുത്, മാനേജ്‌മെന്റ് ക്വാട്ടയില്‍ സമ്പൂര്‍ണ അധികാരം വേണം: കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ സമ്പൂര്‍ണ അധികാരം വേണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി മാനേജ്മെന്റ് ക്വാട്ട സീറ്റുകളില്‍ സര്‍ക്കാര്‍ ഇടപെടലിന് വഴി ഒരുക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയും സചിവോത്തപുരം എന്‍.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയര്‍മാനുമായ ജി സുകുമാരന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് ഹര്‍ജിക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളെയും അണ്‍ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

Signature-ad

ഇതേ ആവശ്യം ഉന്നയിച്ച് എന്‍.എസ്.എസ്. നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്ന എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പാണ് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്. പുതിയ ഭേദഗതി പ്രകാരം പതിനഞ്ച് ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിര്‍ണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാന്‍ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.

എന്നാല്‍ എയ്ഡഡ് കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ തങ്ങള്‍ക്കാണ് സമ്പൂര്‍ണ്ണ അധികാരം എന്നാണ് എന്‍.എസ്.എസ്. വാദം. എയ്ഡഡ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനമാണെന്നും എന്‍.എസ്.എസ്. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: