തൃശൂരിലെ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾ കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ. സർക്കാരിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയതിനാൽ ടൂറിസം വകുപ്പ് ഇതിന് ചെറിയൊരു തുക അനുവദിച്ചിരുന്നു. പക്ഷേ തുച്ഛമായ ആ വിഹിതം പോലും 2017 മുതൽ നിലച്ചിരിക്കുകയാണ്. രണ്ട് ലക്ഷം മുതൽ 25 ലക്ഷത്തിലധികം ചിലവ് വരുന്നുണ്ട് ഓരോ പുലിക്കളി സംഘത്തിനും.
മാസങ്ങൾ നീളുന്ന ഒരുക്കം. പുലികളും, വാദ്യവും, നിശ്ചല ദൃശ്യവുമൊക്കെയായാണ് ചിലവ്. പുലിവേഷമൊരുക്കുന്നതിനുള്ള ചിലവ് വൻ തോതിലാണ് ഉയർന്നത്. പെയിന്റിനും, ഇത് കഴുകി കളയാനുള്ള മണ്ണെണ്ണക്കും വില ഉയർന്നത് പുലിക്കളി സംഘങ്ങളെ ചെറുതായൊന്നുമല്ല കുരുക്കിലാക്കിയത്. നഷ്ടം സഹിച്ചും കടം വാങ്ങിയുമൊക്കെ പുലിക്കളിയോടുള്ള ഭ്രമത്തിൽ ദേശങ്ങൾ സജീവമായിരുന്നുവെങ്കിലും കടബാധ്യത പല പുലിക്കളി സംഘങ്ങളെയും നിർജ്ജീവമാക്കി. കുറച്ച് സംഘങ്ങൾ മാത്രമാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. പ്രളയകാലത്തും കോവിഡ് കാലത്തും പുലിക്കളിയടക്കമുള്ള ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. സാമ്പത്തീകമായി അത് ആശ്വാസകരമായിരുന്നു. എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഓണാഘോഷത്തിനും പുലിക്കളി മഹോൽസവത്തിനും ഈ സാമ്പത്തിക തകർച്ച വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രളയവും കോവിഡിനും തളർത്തിയ തകർച്ചയിൽ നിന്നും വ്യാപാര മേഖല എഴുന്നേൽക്കുന്നതേയുള്ളൂ എന്ന കാരണം പറഞ്ഞ് മുൻകാലങ്ങളിൽ സഹകരിച്ചിരുന്നവർ ഇത്തവണ പിൻ വാങ്ങിയിയിരിക്കുകയാണ്. മറ്റ് അഭ്യുദയകാംഷികൾ ഓരോ ഒഴികഴിവുകൾ പറഞ്ഞ് പിൻവാങ്ങി. ഓരോ തവണയും കടബാധ്യതയേറുന്ന പുലിക്കളി സംഘങ്ങൾക്ക് ആശ്വാസമാകുന്നതാണ് കോർപ്പറേഷൻ വിഹിതവും ടൂറിസം വകുപ്പിൽ നിന്നുള്ള ധനസഹായവും. എന്നാൽ ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ചിരുന്ന സാമ്പത്തിക സാഹായം നിലച്ചിട്ട് വർഷങ്ങൾ കഴിയുമ്പോഴും ഇതുവരെയും ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടൽ ഒരിടത്തു നിന്നും ഉണ്ടായിട്ടില്ല. പുലിക്കളിയും, പുലികൊട്ടും, വർണ ശബളങ്ങളായ ടാബ്ലോകളുമെല്ലാമൊരുക്കി ലക്ഷങ്ങൾ ചിലവഴിച്ച് ആഘോഷലഹരി പകരുന്ന ടീമുകൾക്ക് പുലികളി കഴിയുമ്പോൾ ബാക്കിയാവുന്നത് വൻ ബാധ്യതയാണ്. മുൻ കാലങ്ങളിൽ 15 ഓളം ടീമുകളുണ്ടായിരുന്നത് സമീപകാലത്ത് പത്തിലും താഴെയെത്തി. ഈ വർഷം ഇതുവരെയായി രജിസ്റ്റർ ചെയ്തിരിക്കുന്നത് വെറും മൂന്ന് ടീമുകൾ മാത്രം. നേരത്തെ പുലിക്കളി ഏകോപന സമിതി എന്ന സംവിധാനം ഉണ്ടായിരുന്നു. സമിതിക്കെതിരെ ആക്ഷേപങ്ങളുയരുകയും പരാതികളുയരുകയും ചെയ്തതോടെ പുലിക്കളി നടത്തിപ്പ് ചുമതല കോർപ്പറേഷൻ ഏറ്റെടുത്തു. കോർപ്പറേഷൻ തുക അനുവദിക്കുന്നതിനൊപ്പം ടൂറിസം വകുപ്പിൽ നിന്നുള്ള സഹായം ലഭിക്കാൻ ഇടപെടേണ്ടതും കോർപ്പറേഷനാണ്. എന്നാൽ ഇതുവരെയും അപേക്ഷയെത്തിയിട്ടില്ലെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.
മുൻവർഷങ്ങളിലെ ഫണ്ട് ലഭിക്കാത്തത് സംബന്ധിച്ച് പുലിക്കളി സംഘങ്ങൾ ടൂറിസം വകുപ്പിനെ സമീപിച്ചപ്പോൾ പുലിക്കളിക്ക് ഫണ്ട് അനുവദിക്കുന്നില്ല എന്നായിരുന്നു മറുപടി. തൃശൂരിൻ്റെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നാലോണ നാളിലാണ് നഗരത്തിൽ പുലിക്കളി അരങ്ങേറുന്നത്. സംസ്ഥാനത്തെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും തൃശൂരിലെ പുലിക്കളിയാഘോഷമാണ്. വിദേശ വിനോദ സഞ്ചാരികൾ അടക്കമാണ് തൃശൂരിലെ പുലിക്കളിയാഘോഷം ആസ്വദിക്കാനെത്താറുള്ളത്.
പൂരത്തിന് ടൂറിസം വകുപ്പ് 15 ലക്ഷം അനുവദിച്ചത് വലിയ ചർച്ചയായിരുന്നു. സമാനമായി തൃശൂരിലെ തനത് കലാരൂപമായ പുലിക്കളിക്കും തുക അനുവദിക്കണമെന്നും അടിയന്തരമായി ജില്ലയിൽ നിന്നുള്ള മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നാണ് പുലിക്കളി സംഘങ്ങളുടെ ആവശ്യം.