കൊച്ചി: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും സഹോദരന്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന് ഹര്‍ജിയില്‍ ആരോപിച്ചു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രതിയെ സഹായിക്കുകയാണ് പ്രോസിക്യൂഷന് ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരന് ഹര്‍ജിയില്‍ പറയുന്നു.
ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. ശ്രീറാം ഓടിച്ചിരുന്ന കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്ന് ഫെബ്രുവരിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പല തടസങ്ങള്‍ സൃഷ്ടിച്ച വിചാരണ വൈകിപ്പിക്കാനും ശ്രീറാമിന്റെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ഉണ്ടാകുന്നതായാണ് ബഷീറിന്റെ കുടുംബം ആരോപിക്കുന്നത്.
മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങളാണ് ശ്രീറാമിനെതിരേയുള്ളത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് ശ്രീറാം മാറിപ്പോയിരുന്നു. ഹാജരാകണമെന്നു കര്‍ശന നിര്‍ദേശമെത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയിലെത്തി പരിശോധിക്കാനായിരുന്നു സിജെഎമ്മിന്റെ നിര്‍ദേശം. പിന്നീട് ഹാജരായേ പറ്റൂവെന്നു കോടതി നിലപാടടെടുത്തപ്പോള്‍ ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി. വിചാരണയുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുപോലും ഇതുവരെ നടന്നിട്ടില്ല. ഏറ്റവും ഒടുവില്‍ തനിക്കു കേസുമായി ബന്ധമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വഫ ഫിറോസ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതും കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയരുന്നത്.
വിചാരണ അനന്തമായി നീളവേ സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാമിനെ സര്‍ക്കാര്‍ അടുത്തിടെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. കൊലക്കേസ് പ്രതിയെ എക്സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള കലക്ടറായി നിയമിച്ചതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ കലക്ടര്‍ കസേരയില്‍ ആറു ദിവസം മാത്രമാണ് ശ്രീറാമിന് ഇരിക്കാനായത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്ക്കാന് ശ്രീറാമിനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.