കാഞ്ഞങ്ങാട്: കോടിക്കണക്കിനു രൂപയുടെ നിക്ഷേപക തട്ടിപ്പു നടത്തിയ ഫാഷൻ ഗോൾഡ് മാനേജ്ംഗ് ഡയറക്ടർ ടി.കെ പൂക്കോയയുടെ ചന്തേര വലിയപള്ളിക്ക് സമീപത്തെ വീട്ടിലേക്കും എം.സി. ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ വീട്ടിലേക്കും തട്ടിപ്പിനിരയായവർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ സ്ത്രീകളടക്കം ഇരുനൂറിലേറെ പേർ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു.
150 കോടി രൂപയുടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ പ്രതികളായ ടി.കെ പൂക്കോയയും, എം.സി ഖമറുദ്ദീനും ജാമ്യവ്യവസ്ഥകളിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് സ്വന്തം വീടുകളിലെത്തിച്ചേർന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലായി നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവിത സമ്പാദ്യമാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലൂടെ ഈ സംഘം തട്ടിയെടുത്തത്.
തട്ടിപ്പ് കേസ്സിൽ പ്രതികളായവർ സുഖലോലുപരായി ജീവിക്കുമ്പോൾ, തട്ടിപ്പിനിരയായ സ്ത്രീകളടക്കം തങ്ങളുടെ സമ്പാദ്യം തിരിച്ചുകിട്ടാൻ ഇപ്പോൾ തെരുവിലാണ്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളാണെങ്കിലും, സംസ്ഥാന ലീഗ് നേതൃത്വം ഇന്നുവരെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സ്വന്തം പാർട്ടി നേതാക്കൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.