KeralaNEWS

‘ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നു പ്രചരിപ്പിക്കാൻ ഷോൺ ജോർജ് വ്യാജ സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചു,’ നടിയെ ആക്രമിച്ച കേസിൽ പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പാല:  നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായി സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചത് ഷോൺ ജോർജാണ് എന്ന് പൊലീസ് പറയുന്നു. വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

Signature-ad

ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു. മഞ്ജു വാര്യർ, ആഷിക് അബു, എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, സന്ധ്യ ഐപിഎസ്, ലിബർട്ടി ബഷീർ, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകൾ സൃഷ്ടിച്ചത്.

ഷോൺ ജോർജിന്റെ ഫോണിൽ നിന്ന് കൊലപാതക ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്കാണ് സ്‌ക്രീൻ ഷോട്ടുകൾ വന്നത്. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു സംഘത്തിന്റെ പേര്. ഇത് ദിലീപ് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാൻ വേണ്ടി വ്യാജമായി സൃഷ്ടിച്ചതാണ് എന്നാണ് സൂചന

‘പിണറായി ലാവ് ലിൻ കേസിൽ ജയിലിൽ പോകും, അതു കൊണ്ടാണ് എനിക്കെതിരെ തിരിഞ്ഞത്.’
പി.സി ജോർജിൻ്റെ വാക്കുകൾ

“ഇത് ഞാനും മകനും താമസിക്കുന്ന വീടാണ്. ഇന്നു രാവിലെ 7.15നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഇവിടെ വന്നത്. ചോദിച്ചപ്പോൾ അവർ റെയ്ഡിനുള്ള ഓർഡറും കാണിച്ചു. ഓർഡർ അനുസരിച്ച് ആ ഒരൊറ്റ ഫോൺ എടുക്കാനേ പാടുള്ളൂ. എല്ലാ വാതിലും തുറന്നുകൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലായിടത്തും റെയ്ഡ് നടത്തിക്കോളാൻ പറഞ്ഞു. നമ്മളതിനൊന്നും തടസം പറഞ്ഞില്ല.

അവർ അകത്തു കയറി മുഴുവൻ പരിശോധിച്ചു. അന്വേഷിച്ച് വന്നിട്ട് എന്തെങ്കിലും കൊണ്ടു പോകണ്ടേ? ഒടുവിൽ ഷോണിന്റെ മക്കളായ ഒന്നാം ക്ലാസിൽ പഠിക്കുന്ന അമ്മുവിന്റെയും ആറിൽ പഠിക്കുന്ന അപ്പുവിന്റെയും ടാബ് എടുക്കാൻ പൊലീസ് ശ്രമിച്ചു. അവർക്ക് പരീക്ഷ നടക്കുകയാണെന്ന് ഓർക്കണം. അപ്പോഴാണ് എനിക്ക് അരിശം വന്നത്. ദിലീപിന്റെ കേസിൽ പൊലീസ് കോടതിയിൽ പൊളിഞ്ഞുപോയി. ക്രൈംബ്രാഞ്ചിന് നാണക്കേടായി. അവൻമാർ അതുകൊണ്ട് വേറെ കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

ഇതിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ട്. പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുണ്ടല്ലോ. 28 തവണയാണ് യു.എ.ഇയിൽനിന്ന് സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എന്റെ പക്കലുണ്ടെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. അതൊന്നും എടുത്തുകൊണ്ടു പോകാൻ പറ്റില്ല. അതെല്ലാം ഭദ്രമായി എന്റെ കയ്യിലുണ്ട്.

ഇപ്പോഴത്തെ വലിയ പ്രകോപനം എന്താണെന്ന് അറിയാമോ? ലാവ്‌ലിൻ കേസിൽ ഈ ഓണാവധിക്കു ശേഷം വിധി വരികയാണ്. പിണറായിക്ക് ജയിലിൽ പോകുകയല്ലാതെ വേറെ മാർഗമില്ല. ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. അതിനായി എന്തെല്ലാം അവിഹിത മാർഗങ്ങളാണ് ഉപയോഗിച്ചത്. അതെല്ലാം മാറി വിധി വരാൻ പോവുകയാണ്. അതായത് ജയിലിലേക്കു പോകും. കേസിന്റെ കാര്യം വാർത്തയാകാതിരിക്കാൻ എന്റെ വീട് റെയ്ഡ് ചെയ്തൂന്നേയുള്ളൂ

പിണറായിയോട് സ്നേഹമുള്ളവർ എന്നോട് ക്ഷമിക്കുക. ഉള്ളത് പറയാതിരിക്കാൻ പറ്റില്ലല്ലോ. ഒരു കാര്യം പറയാം. ഇനിയും പൊലീസ് ഉദ്യോഗസ്ഥൻമാർ ചാടിയാൽ നിങ്ങളും അനുഭവിക്കേണ്ടി വരും. ഞാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയിലേക്കു നീങ്ങും.”

Back to top button
error: