CrimeNEWS

മൊബൈല്‍ ബുക്കുചെയ്ത ദമ്പതിമാര്‍ക്ക് കിട്ടിയത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് ടിന്‍ പൗഡര്‍; തട്ടിപ്പ് നടത്തിയത് ഡെലിവറി ബോയി

നെടുങ്കണ്ടം: മൊബൈല്‍ ബുക്ക് ചെയ്ത് കാത്തിരുന്ന ദമ്പതിമാര്‍ക്ക് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് ടിന്‍ പൗഡര്‍ ലഭിച്ച സംഭവത്തില്‍ പ്രതി ഡെലിവറി ബോയിയെന്ന് പോലീസ്. പരാതി നല്‍കിയതോടെ ഫോണിന്റെ പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയതിനാല്‍ ഇയാള്‍ക്കെതിരേ കേസെടുത്തില്ല.

മറ്റു രണ്ടുപേരെയും ഇയാള്‍ യഥാര്‍ഥ ഫോണ്‍ മാറ്റി കബളിപ്പിച്ചിരുന്നു. ഇവര്‍ക്കും പണം നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു. ഇടുക്കിയിലെ സന്യാസിയോട, നെടുങ്കണ്ടം സ്വദേശികളാണ് തട്ടിപ്പിനിരയായ മറ്റുരണ്ടുപേര്‍. വില കൂടിയ ഫോണ്‍ വാങ്ങുന്നവരുടെ ഡെലിവറി എത്തുമ്പോള്‍ യഥാര്‍ഥ ഫോണ്‍ കൈക്കലാക്കയശേഷം വിലകുറഞ്ഞ ഫോണ്‍ അതേ ബോക്‌സില്‍ കയറ്റിവിടുകയാണ് ഇയാള്‍ ചെയ്തിരുന്നത്.

Signature-ad

മുണ്ടിയെരുമയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനായി നെടുങ്കണ്ടം സ്വദേശിനിയായ ഭാര്യ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ച ഫോണിന് പകരം പൗഡര്‍ ടിന്‍ എത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. 16,999 രൂപയ്ക്കാണ് നെടുങ്കണ്ടം സ്വദേശിനി ഫോണ്‍ ബുക്ക് ചെയ്തത്. 16ന് ഡെലിവറി ബോയ് വിളിച്ച് ഫോണ്‍ എത്തിയെന്ന വിവരം അറിയിച്ചു. ഭര്‍ത്താവ് ഫോണ്‍ വാങ്ങാനായി ടൗണിലെത്തി ഫോണ്‍ കവര്‍ പൊട്ടിച്ചുനോക്കാന്‍ ശ്രമിച്ചെങ്കിലും ഡെലിവറി ബോയി വിസമ്മതിച്ചു.

ക്യാഷ് ഓണ്‍ ഡെലിവറി നടത്തി ഫോണ്‍ വാങ്ങി. പ്രോസസിങ് ചാര്‍ജുകള്‍ അടക്കം 17,028 രൂപ െകെമാറി. ഫോണ്‍ വാങ്ങിയ ശേഷം വീട്ടില്‍ എത്തിച്ച് ഫോണ്‍ കവര്‍ തുറന്നപ്പോഴാണ് പൗഡര്‍ ടിന്നുകള്‍ കണ്ടത്. സംഭവത്തില്‍ നെടുങ്കണ്ടം പോലീസിലും ഗുണഭോക്തൃ കോടതിയിലും ഭാര്യ പരാതി നല്‍കുകയായിരുന്നു. പിടിക്കപ്പെട്ടതോടെ ഡെലിവറി ബോയ് പണം തിരികെ നല്‍കിയതിനാല്‍ ഇവര്‍ പരാതി പിന്‍വലിക്കുകയായിരുന്നു. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു, എസ്.ഐ ജി. അജയകുമാര്‍, സുനില്‍ മാത്യു, ജേക്കബ് യേശുദാസ്, ദീപു മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Back to top button
error: