ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാന്റെ പൈതൃക വിനോദസഞ്ചാര മന്ത്രാലയം 2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 29 വരെ ഇന്ത്യയിൽ പ്രൊമോഷണൽ കാമ്പയിൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് കാമ്പയിൻ നടത്തുകയെന്ന് ഒമാൻ പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തിയത്. ഇന്ത്യ ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റ് ആണ്. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാധ്യതകളും ഇന്ത്യയിൽ പരിചയപ്പെടുന്നതോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലാണ് കാമ്പയിൻ നടത്തുക.ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ് ഈ നഗരങ്ങളിൽ നടക്കുക. ഒമാനിലെ ടൂറിസം കമ്പനികൾ, ഹോട്ടലുകൾ, എയർലൈനുകളുടേയും പ്രതിനിധികളും കാമ്പയിനിൽ പങ്കെടുക്കും.