IndiaNEWS

അഭയംതേടി എത്തിയ ഹിന്ദു കുടിയേറ്റക്കാര്‍ പാകിസ്താനിലേക്ക് മടങ്ങുന്നു; 18 മാസത്തിനിടെ പോയത് 1500 പേര്‍

ഡല്‍ഹി: പാകിസ്താനിലെ അതിക്രമങ്ങളില്‍നിന്ന് അഭയംതേടി എത്തിയ ഹിന്ദു കുടിയേറ്റക്കാര്‍ തിരിച്ച് മടങ്ങുന്നതായി റിപ്പോര്‍ട്ട്. 18 മാസത്തിനിടെ 1500 ഹിന്ദുക്കള്‍ തിരിച്ചുപോയതായാണ് പുറത്തുവരുന്ന വിവരം. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവര്‍ തിരികെ പോയത്. 2022 ജനുവരി മുതല്‍ ജൂലൈ വരെ മാത്രം 334 പാകിസ്ഥാന്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അലംഭാവമാണ് പൗരത്വം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് സിമന്ത് ലോക് സംഗതന്‍ പ്രസിഡന്റ് ഹിന്ദു സിംഗ് സോധ പറഞ്ഞു. അഭയം തേടിയെത്തിയ ഹിന്ദുക്കളില്‍ മിക്കവര്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ നിറവേറ്റാന്‍ ശേഷിയില്ലെന്നും, നിരാശയോടെയാണ് അഭയാര്‍ഥികള്‍ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്ന ഏകദേശം 25,000 പാകിസ്താന്‍ ഹിന്ദുക്കള്‍ രാജ്യത്തുണ്ട്. ഇവര്‍ കഴിഞ്ഞ 10 മുതല്‍ 15 വര്‍ഷമായി ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004ലും 2005ലും സംഘടിപ്പിച്ച ക്യാമ്പുകളില്‍ ഏകദേശം 13000 പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2000 പേര്‍ക്ക് മാത്രമാണ് പൗരത്വം ലഭിച്ചത്.

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടം അനുസരിച്ച്, പൗരത്വത്തിന് അപേക്ഷിക്കുന്നതിന്, പാസ്പോര്‍ട്ട് പുതുക്കുകയും പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പാകിസ്താന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം. എന്നാല്‍ അഭയാര്‍ഥികള്‍ക്ക് അടയ്ക്കാന്‍ പറ്റാത്ത തുകയാണ് പാക് എംബസി സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ടിന്റെ പുതുക്കല്‍ ഫീസ് 8,000 മുതല്‍ 10,000 രൂപ വരെയാക്കി പാകിസ്താന്‍ എംബസി ഉയര്‍ത്തിയിരിക്കുകയാണ്. ഇതാണ് അഭയാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: