KeralaNEWS

സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്, കുന്നംകുളം സ്വദേശിയായ യുവാവ് പിടിയില്‍

രാത്രികളിൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്ന യുവാവ് അറസ്റ്റില്‍. കുന്നംകുളത്തെ മെഡിക്കല്‍ ഷോപ്പ് ഉടമ യാനിയെ ആണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാൾ പതിവായി എറിഞ്ഞു തകർത്തിരുന്നത്.

ഇക്കഴിഞ്ഞ 7, 13, 14 തീയതികളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ തുടർച്ചയായി കല്ലേറുണ്ടായി. രാത്രി പന്ത്രണ്ട് മണിക്കും പുലർച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു അതിക്രമം. പതിനാലിനുണ്ടായ കല്ലേറിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ചില്ല് പൂർണമായും തകർന്നു. മറ്റു രണ്ട് ദിവസങ്ങളിൽ ചില്ലിന് കേടുപാടുകളും പറ്റി. കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ റൂട്ടിൽ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്ന് വിവരം ലഭിച്ചു.

Signature-ad

തുടർന്ന് നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്കുടമ യാനിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോളാണ് യാനിക്ക് കെ.എസ്.ആർ.ടി.സിയോടുള്ള പകയുടെ കഥ പോലീസ് അറിയുന്നത്.

മെഡിക്കൽ ഷോപ്പ് നടത്തുന്ന യാനി, മുൻപൊരിക്കൽ തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് അർധരാത്രിയിൽ മടങ്ങുമ്പോൾ എതിരെവന്ന കെ.എസ്.ആർ.ടി.സി. ബസ് ലൈറ്റ് ഡിം ആക്കിയില്ല. മറ്റൊരിക്കൽ ഒരു ബസ് സൈഡും കൊടുത്തില്ല. ഇതോടെ യാനിക്ക് കെ.എസ്.ആർ.ടി.സിയോടുള്ള  പകയായി. തുടർന്നുള്ള ദിവസങ്ങളിൽ യാനി ബൈക്ക് ലൈറ്റ് ബ്രൈറ്റ് ഇട്ട് വേഗത്തിൽ ഓടിച്ച് പോകുമ്പോൾ ബസുകൾക്കു നേരെ കല്ലെറിയുകയായിരുന്നു. ബനിയനുള്ളിൽ കരുതിയ കല്ലുകളാണ് ബസുകൾക്ക് നേരെ എറിഞ്ഞിരുന്നത്. യാനി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് പറയുന്നുണ്ട്. യാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി.

Back to top button
error: