തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ – ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിന്‍ അംഗീകരിച്ചെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയില്‍ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ടിഡിഎഫും ഐഎന്‍ടിയുസിയും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുകയാണ്.
ശമ്പളം വിതരണം, യൂണിയന്‍ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്‌കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവന്‍കുട്ടിയും ആന്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമര്‍ത്തല്‍ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നും സിഐടിയു വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കി.
സിംഗിള്‍ ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണെന്നും പരിഷ്‌കാരമെന്ന പേരില്‍ നടപ്പിലാക്കുന്നത് പരസ്പര വിരുദ്ധ നടപടികളാണെന്നും സിഎംഡി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ടിഡിഎഫ് ആരോപിച്ചു. സ്റ്റിയറിങ് ഡ്യൂട്ടി എന്ന പ്രയോഗം തൊഴില്‍ നിയമത്തിന് വിരുദ്ധമാണെന്നും ഇതിനു മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പക്കാമെന്നാണ് സര്‍ക്കാരിന് ഇന്ന് ലഭിച്ച നിയമോപദേശം. സ്ഥാപനമോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ നിശ്ചയിക്കുന്നതാണ് തൊഴില്‍ സമയം എന്ന നിര്‍വചനം ചൂണ്ടിക്കാട്ടിയാണ് നിയമ സെക്രട്ടറിയുടെ നിയമോപദേശം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ 8 മണിക്കൂര്‍ വാഹനം ഓടിക്കുന്ന തൊഴിലെടുക്കുന്ന സമയവും ബാക്കി ആദായം നല്‍കുന്ന വിശ്രമനേരവുമാണെന്ന് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് മുന്‍പായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
ജോലിസമയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഒപ്പ് വയ്ക്കുന്നതിനിടയിലെ സമയമാണ് തൊഴിലാളിയുടെ ജോലി സമയമായി കണക്കാക്കേണ്ടത് എന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഇക്കാര്യത്തില്‍ അവരും നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം ഇന്നത്തെ ചര്‍ച്ചയില്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വിശദീകരിച്ചു.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന നയം അംഗീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ കൃത്യസമയത്ത് ശമ്പളം, കൃത്യസമയത്ത് ഡ്യൂട്ടി എന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍.