KeralaNEWS

വിദ്യാര്‍ഥിക്കെതിരേ ധിക്കാരനടപടിയെന്ന്; കാര്യവട്ടത്ത് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ.

തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജില്‍ പ്രസിന്‍പ്പിലിനെ തടഞ്ഞുവച്ച് ് മുറിപൂട്ടി എസ്.എഫ്.ഐ. പ്രതിഷേധം. കഴിഞ്ഞ വര്‍ഷം പുറത്താക്കിയ വിദ്യാര്‍ഥി ഇക്കുറി ഏകജാലകം വഴി യോഗ്യത നേടിയിട്ടും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ. ഉപരോധം. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്താണ് പ്രിന്‍സിപ്പിലിനെ പുറത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ട് കോളേജില്‍ നിന്നും പുറത്തായ രോഹിത് രാജ് എന്ന വിദ്യാര്‍ഥിയാണ് ഈ വര്‍ഷം അതേ വിഷയത്തില്‍ വീണ്ടും പ്രവേശനത്തിനെത്തിയത്. സ്റ്റാറ്റിസ്റ്റക്‌സില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും രോഹിത് രാജ് വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തില്‍ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയാണ് ഇയാള്‍ അഡ്മിഷന്‍ നേടിയത്. തുടര്‍ന്ന് പ്രവേശനത്തിനായി ഇന്ന് കോളജിലെത്തി. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥിക്ക് വീണ്ടും കോളജില്‍ അഡ്മിനഷന്‍ നല്‍കാനാവില്ലെന്ന് കോളജ് കൗണ്‍സില്‍ തീരുമാനിച്ചു.

Signature-ad

പ്രവേശനം നല്‍കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിച്ചു. ഇതിനുപിന്നാലെ പ്രവേശനം നിഷേധിച്ചതില്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. സര്‍വകലാശാല ചട്ടപ്രകാരം രോഹിത്തിന് വീണ്ടും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പഠിക്കാന്‍ അവകാശമുണ്ടെന്നും പ്രിന്‍സിപ്പലിന്റേത് ധിക്കാര നടപടിയെന്നുമാണ് എസ്.എഫ്‌ഐയുടെ ആരോപണം. കോളജിന്റെ പ്രധാന ഗേറ്റും എസ്എഫ്‌ഐക്കാര്‍ പൂട്ടിയിട്ടു.

സംഭവമറിഞ്ഞെത്തിയ പോലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ നേരിയ സംഘര്‍ഷമുണ്ടായി. പൊലീസ് വാഹനത്തില്‍ പ്രിന്‍സിപ്പലിനെ പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതും എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. ഇതോടെ കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവന്‍, ജോയിന്‍ സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡന്റ് രാഹുല്‍, യൂണിറ്റ് അംഗങ്ങളായ സബീര്‍, അബി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Back to top button
error: