ഹരിയാന: ഉന്നതപഠനത്തിനായി കാനഡയിലേക്ക് പോകാനൊരുങ്ങിയിരുന്ന വിദ്യാര്‍ത്ഥി വിസ വൈകിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്ന് വിസയെത്തി. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ വികേഷ് സായിനി എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി കാനഡയില്‍ പോകാനായിരുന്നു വികാസിന്റെ ആഗ്രഹം. സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണ് വികാസിന്റെ കുടുംബം. പഠനത്തിനായി അനുകൂലമായ സാഹചര്യമായിരുന്നു വികാസിനുണ്ടായിരുന്നത്.
എന്നാല്‍ വിസയ്ക്ക് അപേക്ഷിച്ച് ഏറെ നാളായിട്ടും ഇതില്‍ വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അസ്വസ്ഥനായിരുന്നു വികാസ്. ഇതിനിടെ സുഹൃത്തിന് വിസ ലഭിക്കുക കൂടി ചെയ്തതോടെ വികാസ് നിരാശയിലേക്ക് വീണു. കൂട്ടത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായ വാര്‍ത്തയും വന്നതോടെ വികാസ് കൂടുതല്‍ നിരാശനായി എന്നാണ് കരുതപ്പെടുന്നത്.
ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. സമീപത്തുള്ള കനാലിലേക്ക് ചാടിയായിരുന്നു വികാസ് മരണം വരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ വികാസിനെ കാണാതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാര്‍ ഇക്കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് പൊലീസും വീട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും ആദ്യം വിവരമൊന്നും ലഭിച്ചില്ല. പിന്നീട് കനാലിന് സമീപത്തായി വികാസിന്റെ മോട്ടോര്‍ബൈക്കും ചെരുപ്പും കണ്ടെത്തി. എന്നാല്‍ ആളെ കണ്ടെത്താന്‍ സാധിച്ചില്ല. വെള്ളിയാഴ്ചയോടെ കനാലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. ഇതിന് മുമ്പ് തന്നെ കാനഡയിലേക്കുള്ള വിസ വീട്ടിലെത്തിയിരുന്നു.
തീര്‍ത്തും ദുഖകരമായ സംഭവം യുവാക്കള്‍ക്കെല്ലാം ഒരു ഓര്‍മ്മപ്പെടുത്തലാണ്. കരിയറിലോ പഠനത്തിലോ പ്രണയബന്ധത്തിലോ എല്ലാം തോല്‍വികളും തടസങ്ങളും നേരിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ താല്‍ക്കാലികമായ ഈ നിരാശയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് എത്തരുത്. ആത്മഹത്യയെന്ന ചിന്ത മനസില്‍ ഉടലെടുക്കുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. എന്നാല്‍ അതിലേക്ക് പ്രായോഗികമായി കടക്കുന്നതിന് മുമ്പെ ബുദ്ധിപൂര്‍വം ചിന്തിക്കുക. വൈകാരികമായി തീരുമാനങ്ങളെടുക്കുന്നത് എല്ലായ്‌പോഴും മണ്ടത്തരമാണ്. നാം പ്രതീക്ഷിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ ജീവിതം ലഭിച്ചില്ലെങ്കിലും പരമാവധി നമുക്ക് നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തിയെടുക്കാനുള്ള ശ്രമം നടത്താം. എന്തെന്നാല്‍ അത്രമാത്രം അമൂല്യമാണ് ജീവിതമെന്ന് മനസില്‍ ഉറപ്പിച്ച്, സന്തോഷപൂര്‍വം അതിനായി സ്വയം സമര്‍പ്പിക്കുക.