KeralaNEWS

കരളുറപ്പുള്ള സഖാക്കളുണ്ട്, ഇടതുപക്ഷം ഹൃദയപക്ഷം തന്നെ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പ്രിയങ്ക കരള്‍ പകുത്തുനല്‍കി; കരകുളത്തിന്റെ പ്രിയ സഖാവിന് പുതുജീവന്‍

തിരുവനന്തപുരം: കരളുറപ്പുള്ള ഡി.വൈ.എഫ്.ഐ. വനിതാനേതാവ് നിശ്ചയദാര്‍ഡ്യത്തോടെ കരള്‍പകുത്തു നല്‍കിയപ്പോള്‍ കരകുളത്തിന്റെ പ്രിയ സഖാവിന് ലഭിച്ചത് പുതുജീവന്‍. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗവും, കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക നന്ദയാണ് സഹപ്രവര്‍ത്തകനായ പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കിയത്. കരള്‍ സംബന്ധമായ രോഗത്താല്‍ ജീവിതത്തോട് മല്ലിട്ട മുതിര്‍ന്ന പാര്‍ട്ടി അംഗവും സി.പി.എം പേരൂര്‍ക്കട ഏരിയാ സെക്രട്ടറിയുമായ എസ്.എസ് രാജാലാലിനാണ് പ്രിയങ്കയുടെ നിശ്ചയദാര്‍ഡ്യം തുണയായത്. കരള്‍ മാറ്റ ശസ്ത്രക്രിയ നടന്ന വിവരവും പ്രിയയുടെ അഭിനന്ദനീയമായ പ്രവൃത്തിയും സി.പി.എം. നേതാവായ കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പുറംലോകമറിഞ്ഞത്.

‘ഒപ്പം നല്‍കിയവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും നന്ദിയുണ്ട്. കരകുളത്തിന്റെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം, ആ സഖാവ് ഗുരുതരാവസ്തയില്‍ നില്‍ക്കുമ്പോള്‍ നമ്മളല്ലാതെ മറ്റാര് കൂടെ നില്‍ക്കും. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജന്‍മം കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നന്‍മയാണിതെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു’- പ്രിയങ്ക പറഞ്ഞു. മനുഷ്യ സ്‌നേഹത്തിന് ആണ് ഒരു സഖാവ് മുന്‍ഗണന നല്‍കുക. പുറത്ത് നിന്ന് പറയാതെ പ്രവൃത്തിയിലൂടെ നമ്മളത് കാണിച്ച് കൊടുക്കണം എല്ലാവരും. നിനക്ക് വേറെ പണിയില്ലെ എന്ന് ചോദിച്ചവരുണ്ട്. കരള്‍ പകുത്ത് നല്‍കുന്നത് എന്റെ തീരുമാനമാണ്, നിങ്ങളുടെ വീട്ടിലാര്‍ക്കെങ്കിലും ഈ ഒരു സ്ഥിതി ഉണ്ടായാല്‍ എന്ത് ചെയ്യുമെന്നാണ് അവരോട് തിരിച്ച് ചോദിച്ചതെന്ന് പ്രിയങ്ക പറയുന്നു.

Signature-ad

രോഗം മൂര്‍ച്ഛിച്ച രാജാലാലിന് പെട്ടന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. കരള്‍ പകുത്ത് നല്‍കാന്‍ രാജാലാലിന്റെ ഭാര്യ തയ്യാറായി. എന്നാല്‍ പരിശോധനയില്‍ ഭാര്യയുടെ കരള്‍ യോജിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെയാണ് വിവരമറിഞ്ഞ പ്രിയങ്ക തന്റെ കരള്‍ പ്രിയ നേതാവിന് പകുത്ത് നല്‍കാന്‍ തീരുമാനിച്ചത്. രോഗം മൂര്‍ച്ഛിച്ച രാജാലാലിന് തന്റെ കരള്‍ മാച്ചാകുമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് പ്രിയങ്ക അറിയിക്കുകയായിരുന്നു. തീരുമാനം താന്‍ സ്വയം ഏറ്റെടുത്തതാണെന്നും താത്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലെന്നും ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞു. രാജാലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സര്‍ജറി വേണമെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 12ന് രാവിലെ സര്‍ജറി നടത്തി. സര്‍ജറി കഴിയുന്നത് വരെ ആരും താനാണ് ഡോണര്‍ എന്ന വിവരം പുറത്ത് അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്ന് പ്രിയങ്ക ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘പ്രിയങ്ക തന്നെ വന്ന് കണ്ട് സംസാരിച്ചിരുന്നു, ആ കുട്ടിയുടെ നിലപാടിലെ വ്യക്തത തന്നെ അമ്പരപ്പിച്ചു. ഉറ്റവര്‍ പോലും കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറാവാത്ത കാലത്ത്, സഖാവെന്ന അടുപ്പത്തില്‍ മാത്രം സ്വന്തം കരള്‍ മാറ്റി വയ്ക്കാന്‍ തയ്യാറായത് വലിയ മാതൃകയാണെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: