CrimeNEWS

രാജ്യാന്തര ലഹരിമരുന്ന് മാഫിയയിലെ കണ്ണിയായ യുവാവ് കോഴിക്കോട് പിടിയില്‍; പരിശോധനയില്‍ കണ്ടെത്തിയത് ലഹരിയുടെ ‘സൂപ്പര്‍മാര്‍ക്കറ്റ്’

കോഴിക്കോട്: രാജ്യാന്തര ലഹരിമരുന്ന് മാഫിയയിലെ കണ്ണിയായ യുവാവ് കോഴിക്കോട് പിടിയില്‍. കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ദിവസവും ശരാശരി ഒന്നരലക്ഷം രൂപയുടെ ലഹരിക്കച്ചവടം ഈ സംഘം നടത്തിയിരുന്നെന്നാണ് വിവരം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് സ്ഥിരം ഇടപാടുകാരെന്നാണു സൂചന. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണ് വ്യാഴാഴ്ച അതിരാവിലെ നടന്നതെന്ന് ജില്ലാ പൊലീസ് മേധാവി എ.അക്ബര്‍ പറഞ്ഞു.

മുതലക്കുളത്ത് ബുധനാഴ്ച രാത്രി നടന്ന വാഹനപരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദ് (34) പൊലീസിന്റെ പിടിയിലായത്. ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്), സിറ്റി ക്രൈംസ്‌ക്വാഡ്, കസബ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിമരുന്നു പിടികൂടിയത്. രാത്രി നടത്തിയ വാഹനപരിശോധനയിലും തുടര്‍ന്ന് ഇയാളുടെ രഹസ്യതാവളത്തില്‍ നടത്തിയ റെയ്ഡിലുമായി 212 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുമടക്കം കോടികള്‍ വിലയുള്ള വിവിധതരം ലഹരിമരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര ഫോണ്‍കോള്‍ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖലയാണ് ലഹരിമരുന്നിന്റെ വിതരണത്തിന് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

Signature-ad

രാത്രി പരിശോധനയ്ക്കിടെ ഹര്‍ഷാദിന്റെ വാഹനത്തില്‍നിന്ന് 112 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ കെ.അഭിഷേകിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക ലഹരിമരുന്നുകള്‍ വില്‍പന നടത്തിവരുന്നതായി അറിഞ്ഞത്.

തുടര്‍ന്ന് പ്രതിയുടെ രഹസ്യ താവളത്തില്‍ പരിശോധന നടത്തിയ പൊലീസ് ലഹരിമരുന്നിന്റെ ‘സൂപ്പര്‍മാര്‍ക്കറ്റ്’ ആണ് കണ്ടെത്തിയത്. 100 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹഷീഷ് ഓയിലും, 170 എക്സ്റ്റസി ടാബ്ലറ്റുകളും 345 എല്‍എസ്ഡി സ്റ്റാമ്പുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബുകളും കണ്ടെടുത്തു. വില്‍പന നടത്തിക്കിട്ടിയ 33,000 രൂപയും പിടികൂടി. പിടികൂടിയ 212 ഗ്രാം എംഡിഎംഎയ്ക്ക് മാത്രം 7,42,000 രൂപ വിലയുണ്ട്. എല്‍എസ്ഡി സ്റ്റാംപുകളുടെ മൂല്യം കണക്കാക്കി വരികയാണ്.

ഡപ്യൂട്ടി കമ്മിഷണര്‍ എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷാണ് കേസന്വേഷിക്കുന്നത്. ഡന്‍സാഫ് അസിസ്റ്റന്റ് എസ്‌ഐ മനോജ് എടയേടത്ത്, സീനിയര്‍ സിപിഓ കെ.അഖിലേഷ്, സിപിഓ മാരായ ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, കാരയില്‍ സുനോജ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്, കസബ സബ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവ്, സീനിയര്‍ സിപിഒമാരായ പി.എം.രതീഷ്, വി.കെ.ഷറീനാബി, സിപിഒമാരായ കെ.ബിനീഷ്, മുഹമ്മദ് സക്കറിയ, ദീപ, സുശീല എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Back to top button
error: