തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണാക വഴിത്തിരിവ്. കൊല്ലപ്പെട്ട മനോരമയുടെ കാണാതായെന്നു കരുതപ്പെട്ടിരുന്ന ആഭരണങ്ങള്‍ വീട്ടില്‍നിന്നുതന്നെ ബന്ധുക്കള്‍ കണ്ടെത്തി. അടുക്കളയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവന്റെ ആഭരണങ്ങള്‍ ഉണ്ടായിരുന്നത്.
കൊലപാതകം നടത്തിയെന്നു സമ്മതിച്ചിരുന്നെങ്കിലും ആഭരണങ്ങള്‍ മോഷ്ടിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ വീട്ടില്‍ വിശദമായി പരിശോധന നടത്തിയത്. ഇതിനിടെ അടുക്കളയില്‍നിന്ന് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഗുളികകളോടൊപ്പമാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. ഇവ മനോരമ സുരക്ഷിതമായി സൂക്ഷിച്ചു വച്ചതായിരുന്നെന്ന് പോലീസ് അറിയിച്ചു.
മനോരമയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി ആദം അലിയെ ചെന്നൈയില്‍നിന്നാണ് പോലീസ് പിടികൂടിയത്്. ആര്.പി.എഫ്. കസ്റ്റഡിയിലെടുത്ത പ്രതിയെ കേരളത്തിലെത്തിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യംതന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തി എന്നായിരുന്നു പോലീസ് കണ്ടെത്തല്‍.
മനോരമ വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി ആദം അലി ആക്രമിക്കാന്‍ എത്തിയത്. വീടിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന മനോരമയോട് ചെമ്പരത്തിപ്പൂക്കള്‍ തരാമോ എന്ന് ചോദിച്ചാണ് അടുത്തെത്തിയത്. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തറക്കാന്‍ ശ്രമിച്ചപ്പോള്‍ മനോരമ ഉച്ചത്തില്‍ കരഞ്ഞു. തുടര്‍ന്ന് സാരിത്തുമ്പ് കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് മൃതദേഹം എങ്ങനെ മതില് ചാടി കിണറ്റില്‍ എത്തിച്ചു എന്നുള്ളത് പ്രതി പൊലീസിന് കാട്ടി കൊടുത്തു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിധം പ്രതി വിവരിക്കുകയും കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മനോരമയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ചെന്നൈക്ക് പുറപ്പെട്ട പ്രതിയുടെ കൈയില്‍ രണ്ട് ബാഗ് ഉണ്ടായിരുന്നതായും എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഒന്നുമാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി. ഇതോടെപ്രതി ബാഗ് എവിടെയെങ്കിലും ഒളിപ്പിച്ചതാകാം എന്നും സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ മോഷ്ടിച്ചിട്ടില്ലെന്ന നിലപാടില്‍ പ്രതി ഉറച്ചുനിന്നു. ഇതോടെയാണ് വീട്ടില്‍ വിശദപരിശോധന നടത്തുകയും സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തിരിക്കുന്നത്.