കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ദിനേഷ് കാര്‍ത്തിക്ക്
ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ദിനേഷ് കാര്‍ത്തിക്ക്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ടീം മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഒയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്തയെ നയിക്കും. ഇംഗ്ലണ്ടിന് 2019 ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മോര്‍ഗന്‍.
2018ല്‍ ഗൗതം ഗംഭീറിനു പകരമായിട്ടാണ് ദിനേഷ് കാര്‍ത്തിക്ക് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.
സീസണില്‍ ഇതുവരെ ഏഴു മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 82 റണ്‍സിനാണ് പരാജയപ്പെട്ടത്.
ആദ്യം മത്സരം മുതല്‍ തന്നെ കാര്‍ത്തിക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കാര്‍ത്തിക്കിനെക്കുറിച്ച് ആരാധകര്‍ക്കു മതിപ്പില്ലായിരുന്നു. 7 മത്സരങ്ങളില്‍ പഞ്ചാബിനെതിരെ മാത്രമാണ് കാര്‍ത്തിക്ക് അര്‍ധസെഞ്ചുറി തികച്ചത്. കാര്‍ത്തിക്കിന്റെ ബാറ്റിങ് ലൈനപ്പ് സിലക്ഷനെക്കുറിച്ചും വിമര്‍ശനങ്ങളേറെ ഉയര്‍ന്നിരുന്നു.