
ഫുജൈറ: യുഎഇയിലെ പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായ പ്രവാസികളില്‍നിന്ന് പുതിയ പാസ്പോര്‍ട്ടിന് ഫീസ് ഈടാക്കില്ല. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പ്രവാസികള്‍ക്ക് വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിലൂടെ ഒഴിവായിക്കിട്ടിയത്.
പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എണ്‍പതോളം പ്രവാസികള്‍ ഇതുവരെ പാസ്ര്‍പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും.
കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പാസ്പോര്ട്ടുകള് നഷ്ടമായവര്‍ രേഖകള്‍ സഹിതം പാസ്പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്കി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി നല്‍കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നതെന്ന് അപേക്ഷ നല്കിയ പ്രവാസികളും പ്രതികരിച്ചു.
യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ നടപടികളെ സ്വാഗതം ചെയ്തു. സ്വീകരിക്കുന്ന അപേക്ഷകള്‍ പരിശോധനയ്ക്കായി കുറച്ച് സമയമെടുക്കുമെങ്കിലും നടപടികള്‍ എളുപ്പത്തിലാക്കിയത് ഏറെ ആശ്വാസകരമാണ്. പ്രളയ ബാധിതരായ പ്രവാസികളെ സഹായിക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്നതെന്നും പ്രവാസികള്‍ പ്രതികരിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് നേരത്തെ അറിയിച്ചിരുന്നു.






