KeralaNEWS

ആശങ്കകള്‍ അകലുന്നു; മഴയും നീരൊഴുക്കും കുറഞ്ഞു, മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടില്ല. ജലനിരപ്പ് 2387.40 അടിയിൽ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാ‍ർ തീരത്ത് ആശങ്ക ഒഴിഞ്ഞ് തുടങ്ങി. 138.85 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നതും സാവധാനത്തിലായിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ വെള്ളം തുറന്നു വിടേണ്ടെന്ന് റൂൾ ക‍ർവ് കമ്മറ്റി തീരുമാനിച്ചത്. അളവ് കുറക്കുന്ന കാര്യത്തിൽ അടുത്ത ദിവസം തീരുമാനമാകും. തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. സൈഡിലെ റോഡിനും കേടുപാടുകൾ സംഭവിച്ചു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ മുല്ലപ്പെറിയാറിലെ ജലനിരപ്പും കുറഞ്ഞു വരികയാണ്. സ്പിൽവേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളവും കുറയുന്നുണ്ട്. സെക്കന്‍റിൽ 8000 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ ഒഴുക്കുന്നത്. പെരിയാർ നദിയിലും ജലനിരപ്പ് രണ്ട് അടിയോളം കുറഞ്ഞു.

Signature-ad

വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. പൂർണമായും വെള്ളം ഇറങ്ങിയ വീടുകളിലുള്ളവർ തിരിച്ചെത്തി. വള്ളക്കടവ് മുതൽ മ്ലാമല വരെയുള്ള പെരിയാർ തീരത്തെ 85 കുടുംബങ്ങളിൽ ഉള്ളവരാണ് ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നത്. എല്ലാവർക്കും നാളെയോടെ വീട്ടിലേക്ക് മടങ്ങാൻ കഴിയും എന്നാണ് പ്രതീക്ഷ. 2018ലും കഴിഞ്ഞ വർഷവും ഡാം മാനേജ്മെന്‍റിൽ ഉണ്ടായ പിഴവ് ഇത്തവണ പരിഹരിക്കാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് അധികൃതർ. കഴിഞ്ഞ തവണത്തെപ്പോലെ തുലാവ‍ഷമെത്തുമ്പോൾ വീട്ടും എല്ലാമെടുത്ത് ഓടേണ്ടി വരുമോയെന്ന ആശങ്കയും തീരദേശത്തുള്ളവ‍ക്കുണ്ട്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.

Back to top button
error: