തൃശൂര്‍: കലക്ടര്‍മാര്‍ റോഡ് നിര്‍മാണം നിരീക്ഷിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ച് റോഡിലിറങ്ങി നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട് പരിശോധിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിതാ വി കുമാര്‍.
എന്നാല്‍ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ഇത്രയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടും ഹൈക്കോടതി വരെ വിഷയത്തില്‍ രൂക്ഷ പ്രതികരണം നടത്തിയിട്ടും റോഡ് ശരിയായി നന്നാക്കാനോ, നിര്ണാണത്തിലെ ഉഴപ്പ് നിര്‍ത്തി നന്നാകാനോ കരാറുകാര്‍ തയാറല്ല എന്ന നിലയിലാണ് കരാറുകാര്‍ പണി തുടരുന്നത് എന്നാണ് പരിശോധനയ്ക്കിറങ്ങിയ കലക്ടര്‍ കണ്ടെത്തിയിരിക്കുന്നത്.
തുടര്‍ന്ന് തൃശൂര്‍ മണ്ണുത്തി ദേശീയ പാതയുടെ കരാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയെ കരിമ്പട്ടകയില്പ്പെടുത്തണമെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്കി. ദേശീയപാതയിലെ കുഴി അടയ്ക്കല്‍ കൃത്യതയോടെ അല്ലെന്നു വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് ഹരിതാ വി കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. താല്കാലിക കുഴി അടയ്ക്കലിനായി ഇപ്പോള്‍ ഉപയോഗിക്കുന്ന കോള്‍ഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കരാര്‍ കമ്പനിയില്‍ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിര്‍മാണ ഉപകരണങ്ങളുമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ദേശീയ പാതകളിലെ കുഴികളില്‍ വീണ് ജീവന് പൊലിയുന്നത് തടയാന്‍ കലക്ടര്‍മാര്‍ ഇടപെടണമെന്നും റോഡിന്റെ അവസ്ഥയില്‍ കലക്ടര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി കലക്ടര്‍മാര്‍ നിര്‍മാണം നിരീക്ഷിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.