പത്തനംതിട്ട: ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കേവലം ആത്മഹത്യയായി ആദ്യം പൊലീസ് പരിഗണിച്ച സംഭവത്തില്‍ യുവതിയുടെ ഫോണില്‍ നിന്നുള്ള തെളിവുകളാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയത്.
പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ(40)യെയാണ് ഭാര്യ വിനീത(34)യുടെ മരണവുമായി ബന്ധപ്പെട്ട് കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്.
ജൂലൈ 30 ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ വിനീത തൂങ്ങി മരിച്ചത്. ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്. തൂങ്ങി നിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച ഭര്‍ത്താവ് അജീഷ് അതൊളിപ്പിച്ചു. ഇതു മൂലം വെറും ആത്മഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. പിന്നീട് യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂട്ടുകാരിക്ക് അയച്ച ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടത്.
ഇതിനെ തുടര്‍ന്ന് കൂട്ടുകാരിയുടെ മൊഴിയെടുത്തു. അപ്പോഴാണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയത്. അജീഷ് കഞ്ചാവ് കച്ചവടമടക്കം പല കേസുകളിലും പ്രതിയായിരുന്നു. ചീട്ടുകളി, ലഹരി ഉപയോഗം എന്നിവയുമുണ്ടായിരുന്നു. പക്ഷേ പുറമേ അജീഷിനെ നല്ല രീതിയിലാണ് വിനീത അവതരിപ്പിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് പരസ്ത്രീ ബന്ധത്തിനുള്ള തെളിവുകള്‍ കിട്ടിയതോടെയാണ് വിനീത ജീവനൊടുക്കിയത്.
മരിക്കുന്നതിന് മുന്‍പ് തയാറാക്കിയ ആത്മഹത്യാക്കുറിപ്പും താന്‍ ജീവനൊടുക്കുകയാണെന്നൊരു വോയ്സ് ക്ലിപ്പും വിനീത കൂട്ടുകാരിക്ക് വാട്സാപ്പില്‍ അയച്ചു കൊടുത്തിരുന്നു. അതില്‍ ഭര്‍ത്താവിന്റെ അമ്മയുടെയും പെങ്ങളുടെയും നമ്പറും നല്‍കിയിരുന്നു. ഏറെ വൈകിയാണ് കൂട്ടുകാരി ഇത് കണ്ടത്. ഉടന്‍ തന്നെ വിനീത നല്‍കിയിരുന്ന നമ്പരില്‍ അമ്മായിയമ്മയെ വിളിച്ചു. വിനീത ജീവനൊടുക്കാന്‍ പോകുന്നുവെന്ന വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മയും മകനുമെല്ലാം ചേര്‍ന്ന് ഒന്നാം നിലയിലെ മുറിയില്‍ എത്തുമ്പോഴാണ് തൂങ്ങി നില്ക്കുന്ന വിനീതയെ കണ്ടത്. ഉടന്‍ തന്നെ അഴിച്ചിറക്കി ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ച ശേഷം ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല
12, 8 വയസുകൾ വീതമുള്ള രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു.